ഏത് രാജ്യത്തെയും ചാരമാക്കും റഷ്യയുടെ ഈ ‘അദൃശ്യം’

മോസ്‌കോ;’അവങ്കാര്‍ഡ്’ എന്ന് പേരിട്ട ഗ്ലൈഡറിന്റെ അവസാനഘട്ടവും വിജയകരമായി പരീക്ഷിച്ച് റഷ്യ. തെക്കു പടിഞ്ഞാറന്‍ റഷ്യയില്‍ നടന്ന അവസാനഘട്ട വിക്ഷേപണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും സാക്ഷ്യം വഹിച്ചു. അടുത്ത വര്‍ഷം മുതല്‍ അവങ്കാര്‍ഡ് ഔദ്യോഗികമായി റഷ്യയുടെ ആയുധശേഖരത്തിലെത്തിക്കാനാണ് പദ്ധതി. 3500 മൈലുകള്‍ക്ക് അപ്പുറത്തുള്ള കംചട്ക ഉപദ്വീപിനെ ലക്ഷ്യം വച്ചാണ് ‘അവങ്കാര്‍ഡ്’ പരീക്ഷിച്ചത്.

റോക്കറ്റ് ഉപയോഗിച്ചായിരുന്നു അവങ്കാര്‍ഡിന്റെ ലോഞ്ചിങ്. ആകാശത്തെത്തിയ ശേഷം ആണവായുധമേന്തിയ ഗ്ലൈഡര്‍ റോക്കറ്റില്‍ നിന്നു വിട്ടുമാറി. ഒരു നിരീക്ഷണ സംവിധാനത്തിന്റെയും കണ്ണില്‍പ്പെടാതെ ദിശ മാറി വളഞ്ഞു പുളഞ്ഞായിരിക്കും അവങ്കാര്‍ഡിന്റെ യാത്ര. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ പോലും കണ്ണില്‍ പെടാതെ മുന്നേറാന്‍ ശേഷിയുള്ള അവങ്കാര്‍ഡ് വരുംനാളുകളില്‍ രാഷ്ട്രത്തിന് കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പുടിന്‍ പറഞ്ഞു.

പരമ്പരാഗതമായുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ മുന്‍പ് തീരുമാനിച്ച് വച്ച പാതയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക. അതിനാല്‍ത്തന്നെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു അവയെ തിരിച്ചറിയാനും തകര്‍ക്കാനും എളുപ്പമായിരിക്കും. എന്നാല്‍ മിസൈലിനെ യാത്രയ്ക്കിടെ ദിശമാറ്റി വിടാന്‍ ഉള്‍പ്പെടെ ശേഷിയുള്ള ‘ഗ്ലൈഡിങ്’ സംവിധാനമാണ് ഇപ്പോള്‍ റഷ്യ സ്വന്തമാക്കിയിരിക്കുന്നത്.

സമാനമായ ഹൈപ്പര്‍സോണിക് ആയുധം വികസിപ്പിക്കുന്നതിന് യുഎസും ചൈനയും ശ്രമങ്ങള്‍ നടത്തി വരികയാണ്. റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കാനുള്ള ശേഷി യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ആയുധ നിര്‍മാണത്തില്‍ മെല്ലെപ്പോക്കാണ് യുഎസ് നടത്തുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന, ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ‘അണ്ടര്‍ വാട്ടര്‍ ഡ്രോണും’ റഷ്യ ഇതോടൊപ്പം പരീക്ഷിച്ചിരുന്നു. യുഎസിലെ മാന്‍ഹട്ടന്‍ പോലുള്ള ഒരു തീരപ്രദേശത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ അവാങ്കാര്‍ഡിന്റെ ആദ്യ പരീക്ഷണത്തിനൊപ്പമായിരുന്നു റഷ്യ പരീക്ഷിച്ചത്.

.

Top