അമേരിക്കയെ ഞെട്ടിച്ച് റഷ്യൻ സേന, ആയുധം കൊണ്ടുവന്ന വിമാനം വീഴ്ത്തി !

മോസ്കോ: പാശ്ചാത്യ രാജ്യങ്ങൾ അയച്ച ആയുധങ്ങളുമായി എത്തിയ ഉക്രേനിയൻ സൈനിക വിമാനത്തെ റഷ്യൻ സൈന്യം വെടിവെച്ചിട്ടു. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തെക്ക്-പടിഞ്ഞാറൻ ഉക്രെയ്നിലെ ഒഡെസ നഗരത്തിന് പുറത്താണ് ആക്രമണം നടന്നതെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ സഖ്യത്തെ ഞെട്ടിച്ച നീക്കമാണിത്. ആയുധങ്ങളുമായി യുക്രെയിൻ വിമാനമല്ല, അമേരിക്കൻ വിമാനം വന്നാൽ പോലും, അത് ആക്രമിച്ച് തകർക്കുമെന്നതാണ് റഷ്യൻ നിലപാട്. പരസ്പരം ഏറ്റുമുട്ടൽ ഒഴിവാക്കാൻ റഷ്യൻ – അമേരിക്കൻ സൈനിക നേതൃത്വങ്ങൾക്കിടയിലുള്ള ഹോട്ട് ലൈനും ഇതോടെ തകരുന്ന അവസ്ഥയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള റഷ്യ, അമേരിക്കയെ പോലും മുൾ മുനയിൽ നിർത്താനാണ് ആയുധങ്ങൾ കൊടുത്തു വിട്ട വിമാനം വെടിവിച്ചിട്ടതു വഴി ശ്രമിച്ചിരിക്കുന്നത്.

റഷ്യയെ സംബന്ധിച്ച്, യുക്രെയിനിൽ നടക്കുന്നത് യുദ്ധമല്ല, പ്രത്യേക സൈനിക ഓപ്പറേഷൻ മാത്രമാണ്. നാറ്റോ സഖ്യവുമായാണ് അവർ യുദ്ധം പ്രതീക്ഷിക്കുന്നത്.യുക്രെയിന് ആയുധങ്ങൾ കൊടുത്തു വിടുന്നത് തുടർന്നാൽ പ്രവചനാതീതമായ തിരിച്ചടി ഉണ്ടാകുമെന്ന റഷ്യയുടെ മുന്നറിയിപ്പിൽ എല്ലാം വ്യക്തമാണ്. അമേരിക്കൻ സഖ്യകക്ഷികളെ ആശങ്കയിലാഴ്ത്തുന്നതും ഈ മുന്നറിയിപ്പു തന്നെയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഉക്രേനിയൻ സൈനിക താവളങ്ങളിൽ ഉൾപ്പെടെ വൻ ആക്രമണമാണ് റഷ്യൻ സേന നടത്തിയിരിക്കുന്നത്.

തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണവും റഷ്യൻ സേന ഏറ്റെടുത്തു കഴിഞ്ഞു.തെക്കൻ മേഖലയിലുള്ള സ്റ്റീൽ നിർമാണശാലയിൽ ചെറിയ സംഘം യുക്രൈനിയൻ സൈനികർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റഷ്യൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. റഷ്യൻ യുദ്ധക്കപ്പൽ മുങ്ങിയതിനു പിന്നാലെ യുക്രെയിൻ തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ മറ്റ് നഗരങ്ങളിലേക്കും റഷ്യ മിസൈൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. പോളണ്ട് അതിർത്തിക്ക് സമീപം ലിവിവ് മേഖലയിലും റഷ്യൻ യുദ്ധവിമാനങ്ങൾ വ്യാപകമായി മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്.

Top