ഐ.എന്‍.എഫ് കരാര്‍ പുതുക്കാതെ റഷ്യയും അമേരിക്കയും; ആശങ്ക അറിയിച്ച് യു.എന്‍

ന്യുയോര്‍ക്ക്: റഷ്യയും അമേരിക്കയും ആണവായുധ നിരോധന കരാര്‍ പുതുക്കാത്തതില്‍ ആശങ്ക അറിയിച്ച് യു.എന്‍. ഇരു രാഷ്ടങ്ങളും തമ്മിലുള്ള ആണവായുധ പരീക്ഷണ നിരോധന കരാര്‍ പുതുക്കാനില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഇതോടെ ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്റെ കാലാവധി കഴിയുന്നത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാകുമെന്നാണ് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

മധ്യദൂര ആണവശക്തി കരാര്‍ (ഐ.എന്‍.എഫ്) 1987ല്‍ യു.എസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെയും സോവിയറ്റ് ലീഡറായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെയും കാലത്ത് ഒപ്പുവെച്ചതാണ്. 500 മുതല്‍ 5,500 കിലോമീറ്റര്‍ വരെയുള്ള പരിധിയില്‍ മിസൈലുകള്‍ നിരോധിക്കുന്നതായിരുന്നു ഉടമ്പടി.

റഷ്യ കരാര്‍ ലംഘിക്കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കരാര്‍ പുതുക്കാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെ റഷ്യയും കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഭാവിയില്‍ മികച്ച കരാറുമായി അമേരിക്കയും റഷ്യയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഇല്ലാതാക്കാന്‍ ഇരുരാജ്യങ്ങളും മുന്നോട്ട് വരണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.

Top