നാറ്റോക്ക് ‘പണി’ കൊടുക്കാൻ റഷ്യ? കിം ബാലിസ്റ്റിക് മിസൈലും പരീക്ഷിച്ചു . . .

ടുവിൽ റഷ്യയും ‘പണി’ തുടങ്ങി. ലോക രാഷ്ട്രങ്ങളെ റഷ്യക്ക് എതിരാക്കി ഉപരോധിച്ച് ശ്വാസം മുട്ടിക്കാനുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കത്തിനെതിരെ, തങ്ങളുടെ സുഹൃത്ത് രാജ്യങ്ങളെ മുൻനിർത്തിയാണ് റഷ്യയും പ്രഹരിക്കുന്നത്.

2017 ന് ശേഷം ഇതാദ്യമായി ഉത്തര കൊറിയ, നിരോധിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷിച്ചിരിക്കുകയാണ്. റഷ്യയുമായി ഏറെ അടുപ്പമുള്ള ഈ രാജ്യത്തിന്റെ പ്രകോപനം, അമേരിക്കക്കും ജപ്പാനും ദക്ഷിണ കൊറിയക്കും ഒരു പോലെ ഭീഷണിയാണ്. 6,000 കിലോമീറ്ററിലധികം  ഉയരത്തിൽ  ഈ മിസൈൽ പറന്നതായാണ് ജപ്പാന്‍ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.ഒരു മണിക്കൂറിലധികം പറന്നതിന് ശേഷമാണ് മിസൈൽ ജപ്പാന്റെ തെക്ക് വെള്ളത്തിൽ പതിച്ചിരിക്കുന്നത്. വമ്പൻ ഭീഷണിയാണിത്.

                    യുക്രെയിനിൽ റഷ്യൻ സൈന്യം കയറിയതിനു ശേഷം ഉത്തരകൊറിയ നിരവധി മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പരീക്ഷിക്കുന്നത് ഇതാദ്യമാണ്.ഉപഗ്രഹ വിക്ഷേപണമാണെന്ന് പ്യോങ്‌യാങ് അവകാശപ്പെട്ട പരീക്ഷണങ്ങൾ, യഥാർത്ഥത്തിൽ ഒരു ഐസിബിഎം സംവിധാനത്തിന്റെ പരീക്ഷണങ്ങളാണെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും വിലയിരുത്തുന്നത്.

2017-ൽ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയെത്തുടർന്ന്, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ആണവ പരീക്ഷണങ്ങളും പരീക്ഷിക്കുന്നതിന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്-ഉൻ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. രാജ്യം പട്ടിണിയിലൂടെ കടന്നു പോകുകയും, ഉപരോധം പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതോടെ, ഈ വാഗ്ദാനത്തിന് താൻ ഇനി ബാധ്യസ്ഥനല്ലെന്ന് കിം പിന്നീട് പ്രഖ്യാപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളിൽ നിന്ന് യുഎന്നും ഉത്തരകൊറിയയെ വിലക്കുകയും, മുൻ പരീക്ഷണങ്ങൾക്ക് ശേഷം കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തെങ്കിലും, കിം ജോങ്ങ് ഉൻ പരീക്ഷണവുമായി മുന്നോട്ട് പോകുകയാണ് ഉണ്ടായത്.

ഇപ്പോൾ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പ്രയോഗിക്കാൻ ഉത്തര കൊറിയ തിരഞ്ഞെടുത്ത സമയം, അമേരിക്കക്കും സഖ്യകക്ഷികൾക്കുമാണ് ഭീഷണിയാകുന്നത്. യുക്രെയിൻ വിഷയത്തിൽ സൈനികമായ ഇടപെടലിന് അമേരിക്കക്കു മേൽ സമ്മർദ്ദം ഉയരുകയും ഇതേ തുടർന്ന്, അമേരിക്കക്കു പുറമെ ബ്രിട്ടൺ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ യുക്രെയിന് ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്. റഷ്യയെ ഉപരോധത്തിൽ പൂട്ടാൻ കൂടി ശ്രമിച്ചതോടെ, റഷ്യയും സമാനമായാണ് പ്രതികരിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ പുതിയ പ്രകോപനമെന്നാണ് സൂചന. യുക്രെയിനിൽ കൂടുതൽ ഇടപെടലുകൾക്ക് നാറ്റോ സഖ്യം തുനിഞ്ഞാൽ, ഉത്തര കൊറിയ ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളെ ആക്രമിക്കാൻ സാധ്യത ഉണ്ട്. അമേരിക്ക വരെ എത്തുന്ന നിരവധി മിസൈലുകളും ഉത്തര കൊറിയയുടെ പക്കൽ ഉണ്ട് എന്നതിനാൽ, അമേരിക്കക്കും ശരിക്കും ഭയമാണുള്ളത്. കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ, ചൈന ഇടപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ഇതും അമേരിക്കയെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. റഷ്യക്കൊപ്പം പുതിയ എതിരാളികൾ കളത്തിലിറങ്ങുന്നത് അമേരിക്ക ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാൽ, ഉത്തര കൊറിയ ഇപ്പോൾ രംഗത്തിറങ്ങി കഴിഞ്ഞു. ഇതാടെ പത്മവ്യൂഹത്തിൽപ്പെട്ട അവസ്ഥയിലാണിപ്പോൾ അമേരിക്ക.

അതേസമയം,യുക്രെയിൻ വിഷയത്തിൽ ഇന്ത്യയുടെ റഷ്യൻ അനുകൂല നിലപാടിനെതിരെ, ബ്രിട്ടണും ഇപ്പോൾ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹോയ്‌ലിന്റെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യ സന്ദർശനമാണ് അവസാന നിമിഷം ബ്രിട്ടൻ റദ്ദാക്കിയിരിക്കുന്നത്.

10 അംഗ പ്രതിനിധി സംഘം ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തിയ ശേഷം , ഡൽഹിയും രാജസ്ഥാനും സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോഴും, റഷ്യൻ അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യൻ സൈനിക ഉപകരണങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ റഷ്യയെ, ഇന്ത്യ ഇതുവരെ ഉപരോധിക്കുകയോ അപലപിക്കുകയോ ചെയ്യാത്തതിൽ നാറ്റോ സഖ്യകക്ഷികൾ കടുത്ത അതൃപ്തിയിലാണുള്ളത്.ഈ സാഹചര്യത്തിൽ അമേരിക്ക മാത്രമല്ല. ഇന്ത്യയുടെ മറ്റു സൗഹൃദ രാജ്യങ്ങളായ ബ്രിട്ടണും ജപ്പാനും തങ്ങളുടേതായ രീതിയിലാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടന്റെ ഇപ്പോഴത്തെ നീക്കവും അതിന്റെ ഭാഗമാണ്. ബ്രിട്ടീഷ് സ്പീക്കറുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനം റദ്ദാക്കിയതിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനാണ് ബ്രിട്ടൺ ശ്രമിച്ചത്. എന്നാൽ, ഈ നീക്കത്തിന് ഇന്ത്യ വഴങ്ങിയിട്ടില്ല.

യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബ്രിട്ടിഷ് പ്രതിനിധി സംഘത്തെ ആദ്യം വിഭാവനം ചെയ്‌തിരുന്നത്. എന്നാൽ, ഫെബ്രുവരിയിലെ ഉക്രെയ്‌ൻ അധിനിവേശത്തിന് ശേഷം, സന്ദർശനത്തിന്റെ പശ്ചാത്തലം തന്നെ മാറുകയാണുണ്ടായത്, ഉക്രേനിയക്കാരുടെ സായുധ സേനയെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടനാണ് അമേരിക്കക്കൊപ്പം ഏറ്റവും ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിൽ, സ്പീക്കറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് എം.പിമാരുടെ ഇന്ത്യൻ സന്ദർശനത്തെ ഇന്ത്യയും ആശങ്കയോടെയാണ് നോക്കി കണ്ടിരുന്നത്. യഥാർത്ഥത്തിൽ ഇന്ത്യ ആഗ്രഹിച്ചത് തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

റഷ്യക്കെതിരെ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിക്കാൻ ബ്രിട്ടീഷ് എംപിമാർ വഴി നാറ്റോ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ഈ സന്ദർശനത്തെ നയതന്ത്ര വിദഗ്ദരും വിലയിരുത്തിയിരുന്നത്.

പാശ്ചാത്യ ഉപരോധം റഷ്യയുടെ അന്താരാഷ്ട്ര പണമിടപാട് സംവിധാനങ്ങൾക്ക് ഭീഷണിയാകുന്നതും റൂബിളിൻ്റെ വില ഇടിയുകയും ചെയ്യുന്നത് മറികടക്കാൻ, ഇന്ത്യയുമായി നിർണ്ണായക നീക്കങ്ങളാണ് റഷ്യ നടത്തി വരുന്നത്. റഷ്യയിലേക്കുള്ള കയറ്റുമതി തുടരാൻ സഹായിക്കുന്ന രൂപ-റൂബിൾ വ്യാപാര ക്രമീകരണത്തെ കുറിച്ച്, ഇന്ത്യയുടെ സെൻട്രൽ ബാങ്ക് മോസ്കോയുമായി പ്രാഥമിക കൂടിയാലോചനയിലാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.ഇതാകട്ടെ ബ്രിട്ടനെയും അമേരിക്കയെയും ഏറെ ആശങ്കപ്പെടുത്തുന്നതുമാണ്.

റഷ്യയുടെ ഊർജ കയറ്റുമതിയും മറ്റ് ചരക്കുകളും വാങ്ങി മുന്നോട്ട് പോകാൻ ഇന്ത്യയെടുത്ത തീരുമാനം, നാറ്റോയുടെ റഷ്യൻ ഉപരോധത്തിനു തന്നെ വൻ പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനുമായും ചൈനയുമായും കടുത്ത ശത്രുത പുലർത്തുന്ന ഇന്ത്യക്ക്, തങ്ങളുടെ പ്രധാന ആയുധ വിതരണക്കാർ കൂടിയായ റഷ്യയെ പിണക്കാൻ ഒരിക്കലും കഴിയില്ലന്നാണ്, ഈ വാർത്ത റിപ്പോർട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Top