ഹൈക്കോടതിയില്‍ നിന്നും ‘പ്രഹരം’ പേടിച്ച് എസ്.പി ജോര്‍ജിനെതിരെ നടപടിക്ക് നീക്കം

വരാപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒടുവില്‍ നടപടിക്ക് അന്വേഷണ സംഘം നിര്‍ബന്ധിതമാകുന്നു.
അന്വേഷണ സംഘതലവനും എസ്.പിയും തമ്മിലുള്ള നീണ്ട വര്‍ഷത്തെ സൗഹൃദം പുറത്തായതോടെ ഗത്യന്തരമില്ലാതെയാണ് നടപടിക്കൊരുങ്ങുന്നത്.കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തില്‍ കടുത്ത പരാമര്‍ശം ഉണ്ടാകുമോയെന്ന ഭയവും പൊലീസ് തലപ്പത്തുണ്ട്.ഈ സാഹചര്യം കൂടി പരിഗണിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലപ്പെട്ട ശ്രീജിത്തിനെ പിടികൂടിയ എസ്.പിയുടെ സ്‌ക്വാഡിന് നിര്‍ദ്ദേശം നല്‍കിയത് എ.വി ജോര്‍ജ് തന്നെയാണെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഇയാളെ രക്ഷപ്പെടുത്തുന്നതിനായിരുന്നു അന്വേഷണ സംഘം ശ്രമിച്ചിരുന്നത്.ഇക്കാര്യം ശ്രീജിത്തിന്റെ കുടുംബം തന്നെ പരസ്യമായി ആരോപിക്കുകയുമുണ്ടായി.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കെ കേസന്വേഷണം വിവാദമാകുന്നതില്‍ സര്‍ക്കാരിനും കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം അന്വേഷണ സംഘത്തിന് നല്‍കിയതെന്നാണ് അറിയുന്നത്.

എസ്.പിയെ ചോദ്യം ചെയ്യാന്‍ ഡി.ജി.പിയുടെ അനുമതി ലഭിച്ചില്ലെന്ന വാദം പറഞ്ഞും മൊബൈല്‍ കോള്‍ വിശദാംശം ചോര്‍ത്തി കൊടുത്തും അണിയറയില്‍ നടന്ന’ നീക്കങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യുവാനും അറസ്റ്റ് ചെയ്യുവാനും ഡി.ജി.പിയുടെ അനുമതി വേണ്ടെന്നിരിക്കെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചിലര്‍ക്ക് ‘വിശുദ്ധ’രാകുന്നതിനു വേണ്ടി മാത്രം സൃഷ്ടിക്കുന്ന പുകമറയാണെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നത്.പറവൂര്‍ സി.ഐ അടക്കമുള്ളവര്‍ റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

മാത്രമല്ല ലോക്കല്‍ പൊലീസില്ലാതെ എ.ആര്‍ ക്യാംപിലെ പൊലീസുകാരായ എസ്.പിയുടെ സക്വാഡുകാര്‍ എങ്ങനെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു എന്നതില്‍ തന്നെ എസ്.പിയുടെ പങ്ക് വ്യക്തവുമായിരുന്നു.എന്നിട്ടും എസ്.പിയെ അന്വേഷണ സംഘം ചോദ്യം പോലും ചെയ്യാതെ രക്ഷപ്പെടുത്തുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘ തലവനായ ഐ.ജിക്കെതിരെ രൂക്ഷ പ്രതികരണവുമായി ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തിയത്.

എസ്.പി എ.വി ജോര്‍ജുമായി ഐ.ജി ശ്രീജിത്തിനുള്ള ബന്ധം പുറത്തായതോടെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ നടപടിക്കൊരുങ്ങുന്നത്.


റിപ്പോര്‍ട്ട് :എം വിനോദ്‌

Top