അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയാകരുത് കമ്യൂണിസം; വിവാദമായി രൂപേഷ് പന്ന്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനെ പരോക്ഷമായി വിമര്‍ശിക്കുന്ന രൂപേഷ് പന്ന്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ചില തുറന്നെഴുതലുകള്‍ എന്ന തലക്കെട്ടിലാണ് പോസ്റ്റ്.

എംപി ആകാനും എം.എല്‍.എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നവര്‍ കമ്മ്യൂണിസ്റ്റായി കോണ്‍ഗ്രസായി പിന്നെ ബി.ജെ.പി ആകുന്നവരുടെ കണ്ണികളായി മാറാനിരിക്കുന്നവരാണ്. വിശക്കുന്നവന് നീറുന്ന വയറാണ് കമ്മ്യൂണിസമെങ്കില്‍, വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ക്കായുള്ള കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോള്‍ ചേര്‍ന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ ആദ്യ അദ്ധ്യായമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചില തുറന്നെഴുതലുകള്‍
കാലം കാതോര്‍ത്തു നില്‍ക്കുന്ന കനല്‍ തരികളാണ് …
അടച്ചു വെച്ച ജാലകങ്ങള്‍ക്കപ്പുറത്ത് എരിഞ്ഞു തീരേണ്ടതല്ല
ആ കനല്‍ തരികള്‍ …
ചോര്‍ന്നൊലിക്കുന്ന പ്രതീക്ഷകള്‍ക്ക് ഇത്തിരി വെട്ടമേകാനായി മലര്‍ക്കെ തുറക്കണം …
ഓരോ ജാലകങ്ങളും …
അധികാരത്തിന്റെ ഇടനാഴികളില്‍ അലഞ്ഞു തിരിഞ്ഞില്ലെങ്കിലും…
അധികാരവും
പ്രശസ്തിയും നല്കുന്ന സ്വപ്ന സമാന ദൃശ്യങ്ങള്‍ മഴവില്ലിന്റെ മനോഹാരിതയോടെ
പീലി വിരിച്ചാടുന്നത് കണ്‍മുന്നിലെന്നും പതിവുകാഴ്ചയായിരുന്നു …
മനം മയക്കുന്ന ആ കാഴ്ചകള്‍ക്കപ്പുറത്ത് മനം മടുപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നത്
തിരിച്ചറിയാതിരിക്കുമ്പോള്‍
ചിതലരിക്കുന്നത് ചുവപ്പിന്റെ പ്രതീക്ഷകളാണ് ..
ചക്രവാളത്തിലെ ചുവപ്പിന്റെ
ശോണിമ കണ്ട് ചുവപ്പിനെ പ്രണയിച്ചവരല്ല പിന്നീട് കമ്മ്യൂണിസ്റ്റായത് …
ജന്മിമാരും
മുതലാളിമാരും
ചവിട്ടിമെതിച്ച പട്ടിണി കോലങ്ങളാണ് ചുവന്ന കൊടി പിടിച്ച് കമ്മ്യൂണിസ്റ്റായത് …
മരണം വരെ
കമ്മ്യൂണിസ്റ്റാകുക എന്നത് …
മരണം വരെ അച്ചുതമേനോനേയും വെളിയം ഭാര്‍ഗവനേയും പോലെ നന്മ മനുഷ്യരായി ജീവിക്കുക എന്നതാണെന്ന് മനസ്സിലാക്കാനാവാത്ത
പലരുടെയും കൈകളിലെ പാവയായി മാറരുത്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി …
എം.പി ആകാനും
എം.എല്‍.എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നവര്‍..
കമ്മ്യൂണിസ്റ്റായി
കോണ്‍ഗ്രസ്സായി
പിന്നെ ബി.ജെ.പി
ആകുന്നവരുടെ നിരയിലെ കണ്ണികളായി മാറാനിരിക്കുന്നവരാണ് …
പ്രളയകാലത്ത് സ്വന്തം വയറിനോട് പ്രണയം കാണിക്കാതെ സഹജീവികള്‍ക്കായി സര്‍വ്വസ്വവും പിഴുതു നല്കിയ
എറണാകുളത്തെ നൗഷാദും ..
വിശപ്പകറ്റാനുള്ള അന്നദാതാവായ ആടിനെ വിറ്റ് കിട്ടിയ പണം കോവിഡിന്റെ ദുരന്തമുഖത്തെ കരുതലിനായി നാട്ടിനു നല്‍കിയ സുബൈദയും
അവരുടെ ജീവിതം തന്നെ നാട്ടിനു സമ്മാനമായി നല്‍കുമ്പോള്‍….
മുതലാളിമാരുടെ സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്നവരായി മാറരുത് കമ്യൂണിസ്റ്റുകാര്‍…
സര്‍ക്കാരാശുപത്രിയിലെ
ചികിത്സയും ….
ചുവന്ന ബോര്‍ഡുവെച്ച കാറില്‍ കയറില്ലെന്ന ശാഠ്യവും…
ചെറിയ വീട്ടിലെ താമസവും…
സ്വന്തം വീട്ടില്‍ വെച്ച് കണ്ട് ശീലിച്ചതുകൊണ്ടാകാം
കമ്മ്യൂണിസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കാനായി പാര്‍ട്ടി ക്ലാസ്സുകള്‍ കയറിയിറങ്ങേണ്ടി വരാതിരുന്നത്…
വിശക്കുന്നവന് നീറുന്ന
വയറാണ് കമ്മ്യൂണിസമെങ്കില്‍…
വിശപ്പില്ലാത്തവന്
അധികാരം
പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി …
അധികാരത്തിന്റെ
അപ്പ കഷ്ണങ്ങള്‍ക്കായുള്ള
കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോള്‍ ചേര്‍ന്ന് യാത്ര ചെയ്യേണ്ടി വരുമ്പോഴും കലഹിച്ചു തുടങ്ങട്ടെ തുറന്നെഴുത്തിന്റെ ഈ ആദ്യ അദ്ധ്യായം

Top