നെടുമ്പാശ്ശേരിയില്‍ നവംബര്‍ 20 മുതല്‍ എട്ട് മണിക്കൂര്‍ റണ്‍വേ അടച്ചിടും

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ റണ്‍വേ അടച്ചിടും. വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല സര്‍വീസുകള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്.

റണ്‍വേ നവീകരണ സമയത്ത് രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ വിമാനസര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രിയിലേയ്ക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്.

രാജ്യാന്തര വിഭാഗത്തില്‍ രണ്ടും ആഭ്യന്തര വിഭാഗത്തില്‍ നാലും സര്‍വീസുകള്‍ മാത്രമാണ് റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുന:ക്രമീകരണത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്.

ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയില്‍ 1346 സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ട്. സൗദിയിലെ ദമാമിലേയ്ക്ക് ഫ്ളൈ നാസ് എയര്‍ലൈന്‍ പുതിയ സര്‍വീസ് തുടങ്ങും.

നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഫ്ളൈ നാസിന്റെ ദമാം സര്‍വീസ്. ഇന്‍ഡിഗോ നിലവിലുള്ള ജിദ്ദ സര്‍വീസിന് പുറമെ ദമാമിലേയ്ക്ക് പുതിയ സര്‍വീസ് നടത്തും.

Top