‘ഞാന്‍ സുരക്ഷിതനായി വീട്ടിലുണ്ട്’ ; വ്യാജ പ്രചരണത്തിനെതിരെ യാസിര്‍ ഷാ

ഇസ്‌ലാമബാദ് പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാന അപകടത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷാ മരിച്ചതായി വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയകളില്‍ താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് നൂറു കണക്കിന് പേരാണ് പോസ്റ്റുകളിട്ടത്. ഇതോടെ താന്‍ മരിച്ചിട്ടില്ലെന്നും വീട്ടില്‍ സുരക്ഷിതനായി ഇരിക്കുകയാണെന്നും വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി.

91ഓളം യാത്രികരെയും എട്ട് ക്രൂ മെമ്പര്‍മാരെയും വഹിച്ച് ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പി.കെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചിക്ക് സമീപം തകര്‍ന്ന് വീണത്. ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരും മരിച്ചു.വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതാണു അപകടകാരണം.

വിമാനം അപടത്തില്‍പ്പെട്ടെന്നറിഞ്ഞ മുതല്‍ക്കുതന്നെ യാത്രികരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. അക്കൂട്ടത്തിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷാ വിമാനത്തിലുണ്ടായതായും അദ്ദേഹം മരണപ്പെട്ടതായും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

ജീവനോടെയുള്ള താരത്തിന്റെ ‘മരണ വാര്‍ത്ത’ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെയാണു നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയത്.കറാച്ചിയിലേക്കു വരികയായിരുന്ന പിഐഎ യാത്രാ വിമാനത്തില്‍ താന്‍ ഇല്ലായിരുന്നെന്നും വീട്ടില്‍ സുരക്ഷിതനായി കഴിയുകയാണെന്നുമായിരുന്നു താരം ട്വിറ്ററില്‍ പ്രതികരിച്ചത്.

വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും ജീവന്‍ നഷ്ടമായവരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നതായും യാസിര്‍ ഷാ ട്വിറ്ററില്‍ അറിയിച്ചു.

എന്നാല്‍ പിന്നീട് ഈ ട്വീറ്റ് ഡിലിറ്റ് ചെയ്ത താരം മറ്റൊരു കുറിപ്പുമായെത്തി. ദൈവത്തിന് നന്ദി, ഞാന്‍ സുരക്ഷിതനായി വീട്ടിലുണ്ട്. വിമാന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാം, ദൈവം അവരെ അനുഗ്രഹിക്കട്ടെ താരം കുറിച്ചു.

ഫെബ്രുവരിയില്‍ ബംഗ്ലദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് യാസിര്‍ ഷാ ഒടുവില്‍ പാക്ക് ജഴ്‌സി അണിഞ്ഞത്.

Top