ഇന്ത്യ സഖ്യത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ

ബിജെപിയ്ക്ക് ബദലായി പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് കരുതുന്നില്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യ കൂട്ടായ്മ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യാസഖ്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്നതില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന് അനിവാര്യമായതിനാലാണ് സീറ്റ് വിഭജന തീരുമാനം അടക്കം ഇന്ത്യ സഖ്യം കൈക്കൊണ്ടത്. സീറ്റ് വിഭജനം സുഗമമായി വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇന്ത്യ സഖ്യത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും ഡി രാജ പറഞ്ഞു.

അതേസമയം ഇന്നലെ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.

Top