rubber prices Rising

കൊച്ചി: വ്യവസായികള്‍ റബര്‍ മാര്‍ക്കറ്റിലേക്കു ശ്രദ്ധതിരിച്ചത് ഷീറ്റുവില ഉയര്‍ത്തി. കാലാവസ്ഥ അനുകൂലമായതോടെ ലാറ്റക്‌സിന്റെ ലഭ്യത വര്‍ധിച്ചു. കണ്ടെയ്‌നര്‍ നീക്കം തടസപ്പെട്ടത് മുന്‍നിര്‍ത്തി കയറ്റുമതിക്കാര്‍ കുരുമുളക് സംഭരണം കുറച്ചത് വിലയെ ബാധിച്ചു.

ടയര്‍ കമ്പനികള്‍ പ്രമുഖ റബര്‍ വിപണികളിലേക്കു ശ്രദ്ധ തിരിച്ചത് വ്യാപാരരംഗത്ത് പുത്തന്‍ ഉണര്‍വിന് അവസരമൊരുക്കി. എന്നാല്‍, ഷീറ്റുവില ഉത്പാദകരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിരക്കുയര്‍ന്നതുമില്ല.

വില ഉയരുമെന്ന നിഗമനത്തില്‍ സ്റ്റോക്കിസ്റ്റുകള്‍ രംഗത്തിറങ്ങിയെങ്കിലും വാരാവസാനം അവധിവ്യാപാരത്തില്‍ റബറിനു കാലിടറിയത് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

വില ഉയരുമെന്ന പ്രതീക്ഷയില്‍ ഉത്പാദകര്‍ റബര്‍ ടാപ്പിംഗിനു മുന്‍തൂക്കം നല്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് വിപണികളിലേക്കുള്ള ലാറ്റക്‌സ് വരവുയര്‍ന്നു.

ചെറുകിട വ്യവസായികള്‍ ലാറ്റക്‌സ് സംഭരിച്ചെങ്കിലും വില ഉയര്‍ന്നില്ല. ഏതാനും ആഴ്ചകളായി ലാറ്റക്‌സ് 9,000 രൂപയിലാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ കര്‍ക്കിടകം രണ്ടാം പകുതിയില്‍ ലാറ്റക്‌സ് വരവ് ഉയരാം.

എന്നാല്‍, മഴ മൂലം ഷീറ്റ് സംസ്‌കരണം തടസപ്പെട്ടാല്‍ വില്പനസമ്മര്‍ദം ഒഴിവാക്കും. നാലാം ഗ്രേഡിന് 200 രൂപ ഉയര്‍ന്ന് 14,300 രൂപ വരെ കയറി. അഞ്ചാം ഗ്രേഡ് 13,600ല്‍നിന്ന് 14,000 രൂപയായി.

രാജ്യാന്തര റബര്‍ മാര്‍ക്കറ്റ് മികവിനു ശ്രമിക്കുകയാണ്. തായ്‌ലണ്ടും ഇന്തോനേഷ്യയും മലേഷ്യയും കയറ്റുമതി നിയന്ത്രിച്ച് ഷീറ്റുവില ഉയര്‍ത്താന്‍ ഒരു വശത്ത് നീക്കം നടത്തുന്നുണ്ട്. ഇതിനിടെ കംബോഡിയയുടെ റബര്‍ കയറ്റുമതി വര്‍ധിച്ചു. ആറ് മാസത്തില്‍ കംബോഡിയയുടെ റബര്‍ കയറ്റുമതി 20 ശതമാനം ഉയര്‍ന്ന് 60,000 ടണ്ണിലെത്തി.

കുരുമുളകുവില ക്വിന്റലിന് 400 രൂപ ഇടിഞ്ഞു. കൊച്ചി തുറമുഖത്തേക്കുള്ള കണ്ടെയ്‌നര്‍ നീക്കത്തിലെ തടസം കണ്ട് കയറ്റുമതിക്കാര്‍ കുരുമുളകു സംഭരണം നിയന്ത്രിച്ചത് തിരിച്ചടിയായി.

വിദേശരാജ്യങ്ങളുമായി നേരത്തെ ഉറപ്പിച്ച കച്ചവടങ്ങള്‍ മുന്‍നിര്‍ത്തിയാണ് പലരും മുളകു ശേഖരിച്ചിരുന്നത്. വാരാന്ത്യം ഗാര്‍ബിള്‍ഡ് കുരുമുളക് 72,200 രൂപയിലാണ്. വിപണിയിലെ തളര്‍ച്ച കണ്ട് വയനാട്, ഇടുക്കി ജില്ലയില്‍നിന്നുള്ള ചരക്കുനീക്കവും കുറഞ്ഞു.

അന്തര്‍സംസ്ഥാന വ്യാപാരികള്‍ കര്‍ഷകരില്‍നിന്നു നേരിട്ട് ചരക്കു ശേഖരിച്ചു. ഉത്തരേന്ത്യയിലെ കറിമസാല വ്യവസായികളും പൗഡര്‍ യൂണിറ്റുകളും മുളക് വാങ്ങിയെങ്കിലും അവരുടെ വാങ്ങല്‍വില ഇടിവിനെ പിടിച്ചുനിര്‍ത്തിയില്ല.

യൂറോപ്യന്‍ കയറ്റുമതിക്ക് ടണ്ണിന് 10,925 ഡോളറും അമേരിക്കന്‍ ഷിപ്പ്‌മെന്റിന് 11,150 ഡോളറും ആവശ്യപ്പെട്ടു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തില്‍ ഒമ്പതു ശതമാനം വളര്‍ച്ച. 1,730.81 കോടി രൂപ വിലമതിക്കുന്ന കുരുമുളക് ഈ കാലയളവില്‍ കയറ്റുമതി നടത്തി.

മൊത്തം 28,100 ടണ്‍ ചരക്ക് ഷിപ്പ്‌മെന്റ് നടന്നു. 2014-15 സാമ്പത്തികവര്‍ഷത്തിലെ കുരുമുളക് കയറ്റുമതി വരുമാനം 1,208 കോടി രൂപയായിരുന്നു. ഡോളറിനു മുന്നില്‍ രൂപയുടെ വിനിമയ മൂല്യം 67ലേക്ക് ഇടിഞ്ഞതും വിപണിയില്‍ കുരുമുളകുവില ഉയര്‍ന്നതും കയറ്റുമതി വരുമാനം ഉയര്‍ത്തി.

Top