ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; നിര്‍ദേശം തിരുത്തി കര്‍ണാടക

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള ദൈനം ദിന കര്‍ണാടക യാത്രക്കാര്‍ക്ക് 15 ദിവസത്തില്‍ ഒരിക്കലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്ന നിര്‍ദേശം തിരുത്തി കര്‍ണാടക. ദിവസയാത്രക്കാര്‍ ഏഴ് ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന് ദക്ഷിണ കന്നഡ ഡെപൂട്ടി കമ്മീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര പറഞ്ഞു. പരീക്ഷയ്ക്കല്ലാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസം മുമ്പെങ്കിലും എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കിറ്റില്ലാതെ കേരളത്തില്‍ നിന്ന് എത്തുന്നവരെ കൊവിഡ് സെന്ററിലേക്ക് മാറ്റുമെന്ന് കര്‍ണാടകം അറിയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. ബെംഗളൂരു റെയില്‍വേസ്റ്റേഷനിലടക്കം കൂടുതല്‍ പരിശോധനാസംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, കേരള- തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ കേരളവും പരിശോധന കര്‍ശനമാക്കി. കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി പരിശോധന നടത്തുകയാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയും ആന്റിജന്‍ ടെസ്റ്റിന് 300 രൂപയും ആണ് ഈടാക്കുന്നത്. തമിഴ്‌നാടിന്റെ കൊവിഡ് പരിശോധന ഇവിടെ സൗജന്യമാണ്.

ഇടുക്കി തിരുവനന്തപുരം അതിര്‍ത്തികളിലാണ് തമിഴ്‌നാട് പ്രധാനമായും പരിശോധന നടത്തുന്നത്. ഇടുക്കിയില്‍ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നിവിടങ്ങളില്‍ ആണ് പരിശോധന. പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തുന്നത്. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. പരിശോധനക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിര്‍ത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തില്‍ തമിഴ്നാട് പരിശോധന നടത്തുന്നുണ്ട്.

 

Top