RTI-commission-against-kerala-govt

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ വിവരാവകാശ കമ്മീഷന്റെ സത്യവാങ്മൂലം നല്‍കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാറിന്റെ നടപടി ജനാധിപത്യത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുന്നതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മന്ത്രിസഭാ തീരുമാനങ്ങള്‍ ആര്‍ടിഐ പരിധിയില്‍ വരുമെന്നും വിവരാവകാശ നിയമപ്രകാരം ഈ തീരുമാനങ്ങള്‍ ലഭ്യമാക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

10 ദിവസത്തിനകം മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന ഉത്തരവ് നടപ്പായില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിന്‍സണ്‍ എം പോള്‍ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവരാവകാശ കമ്മീഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

മന്ത്രിസഭാ തീരുമാനം ആര്‍ടിഐ പ്രകാരം വെളിപ്പെടുത്താനാവില്ലെന്നും പ്രധാന വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്ത് വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പൊതുജനതാല്‍പര്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ സത്യവാങ്മൂലം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷകള്‍ തള്ളിക്കളയരുത്. സര്‍ക്കാരിന്റേത് ഇരട്ട സമീപനമാണെന്നും വിവരാവകാശ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.

Top