രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍ ; ആര്‍ടിഐ ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

rajyasabha

ന്യൂഡല്‍ഹി : കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന വിവരാവകാശ ഭേദഗതി ബില്ലിന്റെ കോപ്പികള്‍ പ്രതിപക്ഷം രാജ്യസഭയില്‍ കീറിയെറിഞ്ഞു. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം തുടങ്ങിയത്. പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച് ചര്‍ച്ച തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

ചരിത്രപരമായ വിവരാവകാശ നിയമത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന ഭേദഗതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. വിശാലമായ ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയ ബില്‍ ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും സോണിയ പറഞ്ഞു.

ബില്ലിന് ഡിഎംകെയും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള 16 ബില്ലുകളില്‍ ആര്‍ടിഐ ബില്‍ ഉള്‍പ്പെടെ ഏഴെണ്ണം ജോയിന്റ് സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നത്.

വിവരാവകാശ ഭേദഗതി ബില്ലിനെതിരെ മുന്‍ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാര്‍ രംഗത്തെത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരായിരുന്നവരടക്കം 7 പേരാണു സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തിയത്. കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാരായിരുന്ന വജാഹത് ഹബീബുല്ല, ശ്രീധര്‍ ആചാര്യലു, ശൈലേഷ് ഗാന്ധി, ദീപക് സന്ധു, യശോവര്‍ധന്‍ ആസാദ്, എം.എം.അന്‍സാരി, അന്നപൂര്‍ണ ദീക്ഷിത് എന്നിവരാണു ബില്ലിനെതിരെ രംഗത്തെത്തിയത്.

Top