തെറ്റായ സത്യവാങ്മൂലം ; പി.വി അന്‍വറിനെ കുരുക്കി വിവരാവകാശ കൂട്ടായ്മയുടെ പരാതി

മലപ്പുറം : പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നിന്നും സ്വത്തും വരുമാനവിവരവും മറച്ചുവെക്കുകയും തെറ്റായ സത്യവാങ്മൂലം നല്‍കുകയും ചെയ്തുവെന്ന് വിവരാവകാശ കൂട്ടായ്മ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

നാമനിര്‍ദ്ദേശ പത്രികയില്‍ നിന്നും മറച്ചുവെക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്ത 10കാര്യങ്ങള്‍ അക്കമിട്ടുനിരത്തി തെളിവു സഹിതമാണ് വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്തു വിവരങ്ങളില്‍ പി.വി അന്‍വറിനും ആശ്രിതര്‍ക്കുമായി 29.57 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കാണിച്ചിട്ടുള്ളത്.

ഭൂപരിഷ്‌ക്കരണ നിയമപ്രകാരം 15 ഏക്കറില്‍ കൂടുതല്‍ ഭൂമിയുണ്ടെന്ന് സത്യപ്രസ്താവന നല്‍കിയതിനാല്‍ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചതിന് നടപടിയെടുക്കണം. അന്‍വര്‍ 2011ല്‍ ഏറനാട്ടില്‍ നിന്നും 2016ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും 207 ഏക്കറോളം ഭൂമിയുള്ളതായി രേഖപ്പെടുത്തിയിരുന്നു. നിലവിലെ 29.57 ഏക്കര്‍ ഭൂമികഴിച്ച് ബാക്കി ഭൂമിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയില്‍ മാത്രം അന്‍വറിനും രണ്ടാം ഭാര്യ ഹഫ്‌സത്തിനും മാത്രമായി 15.44 ഏക്കര്‍ ഭൂമിയുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഭൂപരിഷ്‌ക്കരണ നിയമം വകുപ്പ് 87 പ്രകാരം താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന് എസ്.എം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കി 2017 ഡിസംബര്‍ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ് ഉത്തരവുണ്ട്. കോഴിക്കോട് ജില്ലാ കളക്ടര്‍ 2018 ഫെബ്രുവരി ഒമ്പതിന് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതിയിലെ കേസിലെ എതിര്‍സത്യവാങ്മൂലത്തില്‍ പി.വി അന്‍വറും കളക്ടറുടെ റിപ്പോര്‍ട്ടും വസ്തുതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊന്നായിലെ നാമനിര്‍ദ്ദേശ പത്രികയില്‍ കൂടരഞ്ഞി വില്ലേജില്‍ കേവലം 11 ഏക്കര്‍ ഭൂമി മാത്രമാണ് അന്‍വറിനും ഭാര്യക്കമുള്ളതായി കാണിച്ചിട്ടുള്ളത്.

പി.വി അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ആലുവ ഈസ്റ്റ് വില്ലേജിലുള്ള 11.46 ഏക്കര്‍ ഭൂമിയും അതിലെ എട്ടു നില കെട്ടിടവും മറച്ചുവെച്ചു. ഈ ഭൂമിക്ക് അന്‍വറിന്റെ പേരിലാണ് നികുതി സ്വീകരിച്ചിട്ടുള്ളത്. കര്‍ണാടക ബല്‍ത്തങ്ങാടി താലൂക്കിലെ 2.60 കോടി രൂപവിലവരുന്ന 1.87 ഏക്കറിലെ തുര്‍ക്കുളാകെ ക്രഷറിന്റെ വിവരങ്ങളും മറച്ചുവെച്ചു. ക്രഷര്‍ അന്‍വറിന്റെ ഉടമസ്ഥതയിലാണെന്നും അതിന്റെ വിലവിവരങ്ങളും വ്യക്തമാക്കി മഞ്ചേരി എസ്.ഐ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേന ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.

2016ല്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ 2014-2015 വര്‍ഷത്തെ ആദായനികുതി റിട്ടേണില്‍ 4,63,431 രൂപയാണ് വരുമാനമായി കാണിച്ചത്. എന്നാല്‍ ഇപ്പോഴത്തെ പത്രികയില്‍ 2014-15ലെ ആദായനികുതി റിട്ടേണ്‍ 12,20,868 രൂപ നഷ്ടമായും കാണിച്ചിരിക്കുന്നു.

ഒതായി മനാഫ് വധക്കേസില്‍ അന്‍വറിനെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുള്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കാര്യവും മറച്ചുവെച്ചിരിക്കുന്നു. ഏപ്രില്‍ മൂന്നിന് പത്രിക സമര്‍പ്പിക്കുമ്പോള്‍ 2018 – 2019 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല. 2016-17 വര്‍ഷത്തില്‍ ആദായനികുതി റിട്ടേണില്‍ 59,37042 രൂപ നഷ്ടമായാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അന്‍വര്‍ 19 കോടി രൂപയുടെ പുതിയ മുതല്‍മുടക്ക് നടത്തിയെന്നാണ് നാമനിര്‍ദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്രയും തുക സമ്പാദിച്ചതിന്റെ ഉറവിടം മറച്ചുവെച്ചാണ് വരുമാന നഷ്ടം കാണിച്ചിരിക്കുന്നത്.

2016ല്‍ പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളില്‍ 207 ഏക്കറോളം ഭൂമിയുള്ളതും രണ്ടാം ഭാര്യ ഹഫ്‌സത്തിന്റെ പേരും സ്വത്തുവിവരങ്ങളും മറച്ചുവെച്ചതടക്കമുള്ളവ പുറത്തുകൊണ്ടുവന്നത് വിവരാവകാശ കൂട്ടായ്മയായിരുന്നു. വിവരാവകാശ കൂട്ടായ്മയുടെ പരാതിയില്‍ കോടതിയെ സമീപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാര്‍ അതേ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരല്ലാതിരുന്നതിനാലാണ് കോടതിയെ സമീപിക്കാന്‍ കഴിയാതിരുന്നതെന്നും വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Political reporter

Top