ചരക്ക് നീക്കത്തിനും ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാനൊരുങ്ങി ദുബൈ

ദുബൈ : ഡ്രൈവറില്ലാ വാഹനങ്ങള്‍ ചരക്ക് നീക്കത്തിനും പരീക്ഷിക്കാനൊരുങ്ങി ദുബൈ. ഇതിനായി സ്വയം നിയന്ത്രിത വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കിടയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മല്‍സരം സംഘടിപ്പിക്കും. 2030 നുള്ളില്‍ 25 ശതമാനം വാഹനങ്ങളും ഡ്രൈവറില്ലാതെ ഓടുന്നവയാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നത്.

ദുബൈയില്‍ സമാപിച്ച സ്വയം നിയന്ത്രിത വാഹന നിര്‍മാതാക്കളുടെ ആഗോള സംഗമത്തിലാണ് ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ തീരുമാനം അറിയിച്ചത്. മല്‍സരങ്ങള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ കമ്പനികള്‍ക്ക് സമര്‍പ്പിക്കാം.

യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കായി നടത്തിയ ചലഞ്ചില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ നാവ്യ ഒന്നാം സ്ഥാനം നേടി.
ഫ്രാന്‍സില്‍ നിന്നുള്ള ഗോസോ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്ന് വിപ്രോയും ഡ്രൈവറില്ലാ വാഹനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിപ്രോ വിപോഡ് എന്ന പേരില്‍ ഡ്രൈവറില്ലാ വാഹനം നിര്‍മിക്കുന്നുണ്ടെങ്കിലും വിപ്രോ കാമ്പസില്‍മാത്രമാണ് അവ ഉപയോഗിക്കുന്നത്. ഈരംഗത്തെ 700 ലധികം കമ്പനികളാണ് സ്വയംനിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തത്.

Top