സി.പി.എമ്മിനെ പൂജ്യത്തിൽ ഒതുക്കാൻ കർമ്മപദ്ധതിയുമായി ആർ.എസ്.എസ്

കേരളത്തില്‍ നിന്നും ഒരു സി.പി.എം എം.പി പോലും പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്താന്‍ സംഘപരിവാര്‍ തീരുമാനം. പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തിലാണ് ചുവപ്പിനെ തുടച്ച് നീക്കാനുള്ള ആഹ്വാനമുള്ളത്. സി.പി.എം സിറ്റിംഗ് എം.പിമാര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങള്‍ മുതല്‍ പിടിച്ചെടുക്കുമെന്ന് അവകാശപ്പെടുന്ന വടകര വരെ സംഘപരിവാര്‍ ‘ഹിറ്റ് ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടുണ്ട്.പ്രധാനമായും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യത ആര്‍.എസ്.എസ് കാണുന്നത് തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളില്‍ മാത്രമാണ്. ഇവിടെ പ്രവര്‍ത്തനത്തിന് മറ്റു ജില്ലകളില്‍ നിന്നും സ്വയം സേവകരെ നിയോഗിക്കും. ശക്തമായ ത്രികോണ മത്സരത്തില്‍ ഈ രണ്ട് മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടാമെന്നതാണ് പ്രതീക്ഷ.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍.എസ്.എസിന്റെയും ഫണ്ട് കുടി ഇവിടെ എത്തുന്നതോടെ പ്രചരണ രംഗത്തും മേല്‍ക്കോയ്മ നേടാന്‍ കഴിയുമെന്നാണ് കാവിപ്പട കരുതുന്നത്. സംഘപരിവാര്‍ പ്രതീക്ഷ മുഴുവന്‍ കുമ്മനം രാജശേഖരനിലും സുരേന്ദ്രനിലും എത്തി നില്‍ക്കുമ്പോള്‍ മറ്റിടങ്ങളില്‍ എന്ത് സംഭവിക്കുമെന്നത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. സംസ്ഥാനത്തെ ഏത് ലോകസഭ മണ്ഡലത്തിലും വോട്ട് മറിച്ച് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് ചിട്ടയായി നടപ്പാക്കാനുള്ള ശേഷി സംഘപരിവാര്‍ സംഘടനകള്‍ക്ക് സംസ്ഥാനത്തുണ്ട്. ഈ ഏര്‍പ്പാട് പരസ്യമായ ഘട്ടത്തിലൊക്കെ അതിനെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രവും കേരളത്തിനുണ്ട്. ബേപ്പൂരും വടകരയും അതിന് ഉദാഹരണങ്ങളാണ്.

എന്നാല്‍ ഇത്തവണ എങ്ങനെയും ഒരു അംഗത്തെയെങ്കിലും കേരളത്തില്‍ നിന്നും ലോകസഭയില്‍ എത്തിക്കുക എന്നത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വാശിയാണ്. ഈ വാശിക്ക് വിഘാതമാകുമെന്ന് കണ്ടാണ് പി.സി ജോര്‍ജ് പേലും പത്തനംതിട്ടയില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്.പി.സി ജോര്‍ജ് പ്രതിനിധീകരിക്കുന്ന പൂഞ്ഞാര്‍ ഉള്‍പ്പെടെ ഇപ്പോള്‍ പത്തനംതിട്ടയുടെ ഭാഗമാണ്. ശശി തരൂരിനോട് കലിപ്പുള്ള കോണ്‍ഗ്രസ്സുകാര്‍ കുമ്മനത്തെ ഒരു കൈ സഹായിച്ചാല്‍ വടകരയില്‍ തിരിച്ചും സഹായം പ്രതീക്ഷിക്കാമെന്നാണ് ബി.ജെ.പി നിലപാട്.

വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയ കെ.മുരളീധരന്‍ എം.പി ആയാല്‍ ഉപതിരഞ്ഞെടുപ്പില്‍ ആ സീറ്റും ബി.ജെ.പി സ്വപ്നം കാണുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടുള്ള തന്ത്രപരമായ നീക്കമാണ് സംഘപരിവാര്‍ കേരളത്തില്‍ നടത്തുന്നത്. കെപിസിസി അംഗമായിരുന്ന മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായരിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്കിനെ പത്തനംതിട്ടയില്‍ ,സ്വാധീനിക്കാനും സംഘപരിവാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ചുവപ്പ് സൂര്യന്റെ അസ്തമനം ഈ തിരഞ്ഞെടുപ്പില്‍ നടപ്പാക്കണമെന്നാണ് സംഘപരിവാര്‍ യോഗത്തില്‍ പ്രമുഖ ആര്‍.എസ്.എസ് നേതാവ് ആവശ്യപ്പെട്ടത്.

ഇവിടെ നിന്നും കോണ്‍ഗ്രസ്സ് ജയിച്ചാലും ഇടതുപക്ഷം ജയിച്ചാലും ബി.ജെ.പിക്കെതിരായ നിലപാട് ഒന്നു തന്നെ ആയിരിക്കുമെന്നതിനാല്‍ സി.പി.എം ജയിക്കരുത് എന്നതാണ് നിലപാട്. മാത്രമല്ല ഇപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവരില്‍ നാലോ അഞ്ചോ പേരെ വിജയിച്ചു കഴിഞ്ഞാല്‍ അടര്‍ത്തിമാറ്റാമെന്ന പ്രതീക്ഷയും സംഘപരിവാറിനുണ്ട്. മുന്‍പ് ബി.ജെ.പി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്നു സി.പി.എം ആരോപിച്ച നേതാക്കളും യു.ഡി.എഫ് ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ നിരന്തരം വേട്ടയാടപ്പെട്ടതാണ് സംഘപരിവാറിന്റെ ഇപ്പോഴത്തെ നിലപാടിന് പ്രധാന കാരണം. ആക്രമണ രാഷ്ട്രീയം മാത്രമല്ല, ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെ ജയിലിലടച്ചതും പ്രകോപനത്തിന് കാരണമാണ്. ഹര്‍ത്താലിന്റ ഭാഗമായി നടന്ന ആക്രമണ സംഭവങ്ങളില്‍ ആര്‍.എസ്.എസ് – ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ജാമ്യം ലഭിക്കാത്ത കേസില്‍ പ്രതികളായിരിക്കുന്നത്. അനവധി പ്രവര്‍ത്തകര്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ തന്നെയാണ്.

പാലക്കാട് ഒരു എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ തടയാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചത് ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെ തന്നെ പ്രകോപിപ്പിച്ചിരുന്നു. വിലക്ക് ലംഘിച്ചാണ് ഇവിടെ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയിരുന്നത്. സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിനെതിരെ കേന്ദ്രമന്ത്രി പടയെയും മുഖ്യമന്ത്രിമാരേയും കേരളത്തില്‍ പ്രചരണത്തിനിറക്കിയതും ആര്‍.എസ്.എസ് നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും അധികം ബലിദാനികളും ശാഖകളും ആര്‍.എസ്.എസിനുള്ളത് കേരളത്തിലാണ്. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് സംഘപരിവാര്‍ നേതൃത്തിന് കേരളം പ്രിയപ്പെട്ട സംസ്ഥാനമാക്കുന്നത്.

ബംഗാളിലും ത്രിപുരയിലും ഭരണം പോയിട്ടും കേരളത്തില്‍ മാത്രം ചുവപ്പ് രാഷ്ട്രിയത്തിന് ഒരു കുലുക്കവും സംഭവിക്കാത്തത് ആര്‍.എസ്.എസിനെ മാത്രമല്ല രാജ്യത്തെ മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെ തന്നെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇത്തവണ ചുവപ്പിന്റെ പതനം ഉറപ്പ് വരുത്തിയാല്‍ പിന്നെ ഒരിക്കലും തിരിച്ചു വരില്ലെന്ന കണക്ക് കുട്ടലിലണ് ആര്‍.എസ്.എസ് കരുനീക്കം.

‘സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍ വേണ്ടത് ചെയ്യുക’ എന്ന നിര്‍ദ്ദേശത്തില്‍ തന്നെ എല്ലാം വ്യക്തമാണ്. പരസ്യമായ ഒരു സഹകരണം പുറം ലോകം അറിഞ്ഞാല്‍ പണി പാളുമെന്ന് കണ്ടാണ് രഹസ്യമായ കരു നീക്കങ്ങള്‍.ലോകസഭ തിരഞ്ഞെടുപ്പില്‍ ചുവപ്പിന്റെ പതനം ഉറപ്പായില്‍ വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ പിണറായി സര്‍ക്കാറിനെ പിരിച്ചുവിടാനും സംഘപരിവാര്‍ നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. രാജ്യത്ത് പരിവാര്‍ നേതൃത്വത്തിന്റെ കണ്ണിലെ കരടായുള്ളത് രണ്ടേ രണ്ടു നേതാക്കളാണ് അത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമാണ്.

മമത തിരഞ്ഞെടുപ്പിന് ശേഷം മമത കാട്ടിയാലും പിണറായിയും സി.പി.എമ്മും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലന്ന് ഏറ്റവും നന്നായി അറിയുന്നതും സംഘപരിവാര്‍ നേതൃത്വത്തിനു തന്നെയാണ്. ആദ്യം സി.പി.എമ്മിന്റെ അടിവേര് തകര്‍ക്കുകയും പിന്നീട് കോണ്‍ഗ്രസ്സിനെ പിളര്‍ത്തി നേട്ടം കൊയ്യുകയും ചെയ്യുക എന്നതാണ് കാവിപ്പടയുടെ ഹിഡന്‍ അജണ്ട. അത് രാഷ്ട്രീയ കേരളത്തില്‍ വിലപ്പോവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

political reporter

Top