കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു, നില അതീവ ഗുരുതരം

കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള  ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം.

വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. വാരിയെല്ലിനേറ്റ പരിക്കാണ് കൂടുതൽ ഗുരുതരം.

ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ സംഘമാണെന്ന് കരുതുന്നു. എന്നാൽ രാഷ്ട്രീയ വിദ്വേഷമുണ്ടോയെന്നത് അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു. അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ് വിഷ്ണു. സ്ഥലത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Top