ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് ശ്രമം അംഗീകരിക്കാനാകില്ല;തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതനിരപേക്ഷതക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഉയരുന്നത് ഒരേ സ്വരമാണ്. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ല. സര്‍ക്കാരിന്റെപ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആര്‍എസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും പിണറായി വിജയന്‍ തുറന്നടിച്ചു.

‘പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിര്‍ക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാര്‍ഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു. അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണ്’,മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മതവിശ്വാസികള്‍ക്കും മതവിശ്വാസം ഇല്ലാത്തവര്‍ക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് ഇത്തരത്തിലൊരു പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. ജാതിയുടേയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള ഒരു വേര്‍തിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയും അമേരിക്ക അടക്കം ലോക രാജ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച നവോത്ഥാന മുന്നേറ്റത്തിന്റെ പിന്‍ബലം കേരളത്തിനുള്ളത്. രാജ്യമാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തില്‍ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നല്‍കുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്.

Top