ബി.ജെ.പി സ്ഥാനാർത്ഥികളാവാൻ ഇനി ആർ.എസ്.എസ് ക്ലിയറൻസ് നിർബന്ധം

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും യുവതികൾക്കും പ്രാധാന്യം കൊടുക്കുന്ന സ്ഥാനാർത്ഥി പട്ടികയാവും ബി.ജെ.പി തയ്യാറാക്കുകയെന്ന് റിപ്പോർട്ട്.

രാജസ്ഥാൻ – മധ്യപ്രദേശ് ഉൾപ്പെടെ ഇപ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നു കഴിഞ്ഞാൽ ഇതു സംബന്ധമായ നിർണ്ണായകമായ തീരുമാനം പാർട്ടി നേതൃത്വം കൈകൊള്ളുമെന്നാണ് ലഭിക്കുന്ന വിവരം.

ആർ.എസ്.എസ് ആണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. സംഘ പരിവാർ സംഘടനകളുടെ വിപുലമായ യോഗം നാഗപൂരിൽ വിളിച്ചു ചേർത്ത് തീരുമാനം ബി.ജെ.പി നേതൃത്വത്തെ അറിയിക്കും.

പൊതുസമ്മതരായ സാധാരണക്കാർ, സെലിബ്രിറ്റികൾ, വനിതകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിക്കണമെന്നതാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെ നിലപാട്.

സുഷമ സ്വരാജും അരുൺ ജയ്റ്റ്ലിയും, ഉമാഭാരതിയും ഉൾപ്പെടെ പല പ്രമുഖരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർ.എസ്.എസ് പിടിമുറുക്കുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതോടെ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാനുള്ള സാധ്യതയാണ് വർദ്ധിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വിധിക്കു ശേഷം പ്രതിപക്ഷ മഹാ സഖ്യത്തിനു സാധ്യത ഉള്ളതിനാൽ അത് പൊളിച്ചടുക്കാൻ കേന്ദ്ര സർക്കാറും അണിയറയിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.

പ്രധാനമായും യു.പിയിൽ എസ്.പി – ബി.എസ്.പിസഖ്യം ഉണ്ടാകരുത് എന്നതാണ് കേന്ദ്ര സർക്കാറും ആർ.എസ്.എസ് നേതൃത്വവും ആഗ്രഹിക്കുന്നത്. ഇതിനായി സകലവഴികളും ഉപയോഗപ്പെടുത്താൻ തന്നെയാണ് നീക്കം.

രാജ്യത്ത് ഏറ്റവും അധികം ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യിൽ പരാജയപ്പെട്ടാൽ പിന്നെ കേന്ദ്ര ഭരണം പിടിക്കുക ശ്രമകരമാണെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.

സംഘപരിവാർ സംഘടനകളെ യോജിപ്പിച്ച് നിർത്തി രാമക്ഷേത്ര പ്രശ്നം വീണ്ടും ഉയർത്തി കൊണ്ടു വരുന്നതും ഏങ്ങനെയും ഭരണം പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മാത്രമാണ്.

ഗോവധവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ യു.പിയിൽ ഒരു പൊലീസ് ഓഫീസർ കൊല്ലപ്പെട്ടെങ്കിലും ആത്യന്തികമായി ജനങ്ങൾക്കിടയിൽ ഗോവധത്തിനെതിരെ വികാരമുയർന്നത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.

എന്നാൽ പ്രതിപക്ഷത്തിന് മറിച്ചാണ് പ്രതീക്ഷ. പൊലീസ് ഇൻസ്പെക്ടറെ പ്ലാൻ ചെയ്ത് കൊന്നതാണെന്ന വാർത്തകൾ പ്രചരിക്കുന്നത് ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കും എതിരായ വികാരം ഉയർത്തിയതായാണ് അവരുടെ വിലയിരുത്തൽ.

അതേസമയം കലാപവാർത്തകൾ രാജ്യം മൊത്തം അലയടിച്ചിട്ടു പോലും അതൊന്നും ഗൗരവമായി എടുക്കാതെ ഗോവധക്കാർക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുകയാണ് യു .പി മുഖ്യമന്ത്രി ആദിത്വ നാഥ് ഇപ്പോൾ ചെയ്യുന്നത്.

ഹൈന്ദവ ധ്രുവീകരണം സംസ്ഥാനത്തുണ്ടായാൽ എസ്.പി – ബി.എസ്.പി സഖ്യത്തിന് പോലും പിടിച്ചു നിൽക്കാൻ പ്രയാസകരമാകും എന്ന് കണ്ടാണ് തന്ത്രപരമായ ഈ സമീപനം.

മായാവതി വഴങ്ങിയില്ലങ്കിൽ ബി.എസ്.പിയെ പിളർത്താനും ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്.ഇതിനായി യു.പി സർക്കാറിലെ ഒരു ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന ഭരണം ബി.ജെ.പിയുടെ കൈവശമുള്ളത് കാവിപ്പടയുടെ നീക്കങ്ങൾക്ക് ഏറെ സഹായകരമായിട്ടുണ്ട്.

യു.പി.എ ഭരണകാലത്ത് നടന്ന വി.വി.ഐ.പി ഹെലികോപ്റ്റർ ഇടപാടിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ദുബായ് ഭരണകൂടത്തിന്റെ സഹായത്തോടെ സി.ബി.ഐ പിടികൂടി ഇന്ത്യയിൽ എത്തിച്ചത് തന്നെ ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടാണ്. കേന്ദ്ര സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തിന്റെ ഭാഗമായാണ് ദുബായ് ഭരണകൂടം മിഷേലിനെ കൈമാറാൻ തയ്യാറായിരുന്നത്.

മിഷേലിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുന്നതോടെ നിയമ നടപടിക്ക് ഉന്നത കോൺഗ്രസ്സ് നേതാക്കളും ബന്ധുക്കളും വിധേയരാകേണ്ടി വരുമെന്ന സൂചന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗത്തിൽ തന്നെ വ്യക്തമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പോലും ഒരു കാരണവശാലും കേന്ദ്ര ഭരണം നഷ്ടപ്പെടരുത് എന്ന കർക്കശ തീരുമാനം മുൻ നിർത്തിയാണ് ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങൾ നിലവിൽ പദ്ധതികൾ തയ്യാറാക്കുന്നത്.

ദീർഘകാലമായി ഭരണം നടത്തുന്ന മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ഭരണവിരുദ്ധ ജനവികാരം ഉണ്ടാകുമെന്ന് തന്നെയാണ് സംഘ പരിവാർ കണക്കു കൂട്ടൽ.

ഈ വെല്ലുവിളിയെ അതിജീവിക്കാൻ പരമാവധി ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ രംഗത്തിറക്കി ബി.ജെ.പി നടത്തുന്നുണ്ടെങ്കിലും കാവിപ്പടക്ക് ആശങ്കകൾ പൂർണ്ണമായും അകന്നിട്ടില്ല.

നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ അത് ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണിക്ക് സാഹചര്യം ഉണ്ടാക്കും എന്നതാണ് ആർ.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങളെ അസ്വസ്ഥമാക്കുന്നത്.

കേന്ദ്ര ഭരണം നഷ്ടപ്പെട്ടാൽ പുതുതായി അധികാരത്തിൽ വരുന്ന സർക്കാർ ആദ്യം പകരം വീട്ടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ യോടും ആയിരിക്കുമെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെ നിഗമനം.

ഈ ഒരു സാഹചര്യം ഒഴിവാക്കാൻ എന്തു വില കൊടുത്തും കേന്ദ്ര ഭരണം വീണ്ടും പിടിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തിയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും ഇടപെടാൻ ആർ.എസ്.എസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

Narendra Modi and Amit Shah

മുൻ കാലങ്ങളിൽ പരിവാർ സംഘടനകളിൽ വലിയ ഇടപെടലുകൾക്ക് പോകാതെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ആർ.എസ്.എസ് അനുവദിച്ചിരുന്നു.എന്നാൽ ഇത്തവണ ഇക്കാര്യത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്.

ബി.ജെ.പി നേതൃത്വം ഏത് സ്ഥാനാർത്ഥിയെ തീരുമാനിച്ചാലും അതാത് പ്രദേശങ്ങളിലെ ആർ.എസ്.എസിനു സ്വീകാര്യരല്ലാത്തവരെ അന്തിമപട്ടികയിൽ നിന്നും ഒഴിവാക്കും:

വിജയ സാധ്യതയുള്ളവരെ മാത്രം സ്ഥാനാർത്ഥികളാക്കിയാൽ മതിയെന്നാണ് ആർ.എസ്.എസ് നിലപാട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലന്നാണ് നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനേക്കാൾ ശക്തമായ രീതിയിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ വിജയത്തിനു വേണ്ടി രംഗത്തിറങ്ങാനും ആർ.എസ്.എസ് അണിയറയിൽ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.

ഗൃഹ സമ്പർക്കം മുതൽ സോഷ്യൽ മീഡിയകളിലെ സജീവമായ ഇടപെടലുകൾ വരെ പരിവാർ സംഘടനകൾ നേരിട്ട് നടത്തും. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും ലോകസഭമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ പ്രത്യേക വാർ റൂമുകൾ സജ്ജമാക്കാനാണ് നീക്കം.

Top