RSS Supported Modi to attack pakistan terrorist arias

നാഗ്പൂര്‍ : പാക്കിസ്ഥാനിലെ ഭീകര ക്യാംപുകള്‍ ആക്രമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍എസ്എസിന്റെ അനുമതി. രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയെ അതിജീവിക്കാന്‍ സാധ്യമായ എന്ത് നടപടി കേന്ദ്രം സ്വീകരിച്ചാലും ഒപ്പം നില്‍ക്കാന്‍ സംഘ്പരിവാര്‍ സംഘടനകളോടും ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെട്ടതിനാല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കേന്ദ്രസര്‍ക്കാരിന് പൂര്‍ണ്ണപിന്തുണ നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഏത് വെല്ലുവിളി നേരിടാനും ഇന്ത്യക്ക് ശേഷിയുണ്ടെന്നും അതുടന്‍ തന്നെ ലോകത്തിന് മനസ്സിലാകുമെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായി ഇന്ത്യക്കതിരെ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ കിട്ടിയ സുവര്‍ണ്ണാവസരമായിട്ടാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ സംഘടനാ നേതൃത്വം കാണുന്നത്. ലോക രാഷ്ട്രങ്ങളില്‍ പാക്കിസ്ഥാനെതിരായി ഉയര്‍ന്ന വികാരം അനുകൂലമാക്കി നിര്‍ത്തുന്നതിനോടൊപ്പം തന്നെ ശത്രുവിനെ പ്രഹരിക്കുക എന്ന നയമാണ് നടപ്പിലാക്കേണ്ടത് എന്നാണ് കാവിപ്പടയുടെ നിര്‍ദ്ദേശം.

പാക്കിസ്ഥാനെതിരായ സൈനീക നടപടിക്ക് മുന്‍പ് രാഷ്ട്രീയപരമായും സംഘടനാപരമായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കേണ്ട അനുമതിയാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കോഴിക്കോട് ചേരുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം ശക്തമായ നടപടിയിലേക്ക് പ്രധാനമന്ത്രി കടക്കുമെന്നാണ് സൂചന.

Top