rss says vhp to keep silence on PM

ന്യൂഡല്‍ഹി : ഗോ രക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രൂക്ഷവിമര്‍ശനത്തോടു പ്രതികരിക്കരുതെന്നു വിഎച്ച്പി നേതൃത്വത്തിന് ആര്‍എസ്എസ് കര്‍ശന നിര്‍ദേശം .

ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിനും ഹിന്ദുത്വ അജന്‍ഡയ്ക്കും ദുഷ്‌പേരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതൃത്വത്തിന്റെയും നിലപാടിനാണ് ആര്‍എസ്എസിന്റെ പിന്തുണ.

പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തോടു പ്രതികരിക്കാനില്ലെന്നു വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹിന്ദു സന്യാസിമാര്‍ പ്രതികരിക്കട്ടെയന്നാണു വിഎച്ച്പിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചു മോദിയെ വിമര്‍ശിക്കാന്‍ വിഎച്ച്പി നേതൃത്വം തയാറാകില്ലെങ്കിലും സന്യാസിമാരെ രംഗത്തിറക്കാനാണ് വിഎച്ച്പിയുടെ അണിയറ നീക്കം.

വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ കടുത്ത മോദി വിരോധം കാരണമാണു ഗോ രക്ഷയുടെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ നടക്കുന്നതെന്ന വിലയിരുത്തലാണ് ബിജെപിയുടേത്. ഗുജറാത്തില്‍ ഗോ രക്ഷാ പ്രവര്‍ത്തകര്‍ ദലിതര്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ബിജെപിക്കു രാഷ്ട്രീയമായി കനത്ത തിരിച്ചടിയായിരുന്നു.

ഹൈന്ദവ ഏകീകരണത്തിനു പകരം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് വിഎച്ച്പിയുടെ ശ്രമമെന്നാണ് ബിജെപി നേതൃത്വം ആര്‍എസ്എസിനോടു പരാതിപ്പെട്ടിട്ടുള്ളത്.

നരേന്ദ്ര മോദിയുടെ വികസന അജന്‍ഡ അട്ടിമറിക്കാനുള്ള തൊഗാഡിയയുടെ ഗൂഢനീക്കങ്ങള്‍ രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെന്നും ബിജെപി ആര്‍എസ്എസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഗോ രക്ഷാ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സാമൂഹിക വിരുദ്ധരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം ബിജെപി നേതൃത്വത്തില്‍ വിശദമായി ചര്‍ച്ച െചയ്‌തെടുത്ത നിലപാടാണു വെളിപ്പെടുത്തിയത്.

ഗുജറാത്തിലെ നേതൃമാറ്റം സുഗമമായി പൂര്‍ത്തിയായശേഷം പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുന്നു മോദി. ബിജെപിയില്‍ ഗോ രക്ഷാ വിഷയത്തില്‍ തീവ്രനിലപാടു സ്വീകരിച്ചിട്ടുള്ള യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് തുടങ്ങിയവരുടെ വായടപ്പിക്കുന്ന തരത്തിലാണു മോദിയുടെ പ്രതികരണം.

Top