അയോദ്ധ്യ ക്ഷേത്ര ധനസമാഹരണം, കോൺഗ്രസ്സ് നേതൃത്വം വെട്ടിലായി ! !

യോധ്യ ക്ഷേത്ര നിര്‍മാണ ധനസമാഹരണം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ നടപടിയില്‍ വെട്ടിലായിരിക്കുന്നത് രമേശ് ചെന്നിത്തല. ഐശ്വര്യ യാത്രയുമായി കണ്ണൂരിലെത്തിയ ചെന്നിത്തല കേരളത്തില്‍ ബി.ജെ.പി -സി.പി.എം ധാരണ മറ നീക്കി പുറത്ത് വന്നെന്ന് പറഞ്ഞ് തീരും മുന്‍പാണ് കോണ്‍ഗ്രസ്സ് – ആര്‍.എസ്.എസ് ‘അന്തര്‍ധാര’ ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിലും ദൃശ്യമായിരിക്കുന്നത്. ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നത് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി. ജി. രഘുനാഥപിള്ളയാണ്.

ചേര്‍ത്തലയിലെ പള്ളിപ്പുറത്താണ് ഈ സംഭവം നടന്നത്. പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവാണ് അദ്ദേഹം ക്ഷേത്ര മേല്‍ശാന്തിക്ക് സംഭാവന കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ജനുവരി 31ന് നടന്ന ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിരിക്കുന്നത് ഇപ്പോഴാണ്. ഉദ്ഘാടനം നിര്‍വഹിച്ചത് ശരിയാണെന്നും ക്ഷേത്ര പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ പരിപാടി ഉദ്ഘാടനം ചെയ്തതെന്നുമാണ് രഘുനാഥ പിള്ളയുടെ നിലപാട്. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തനിക്കെതിരേ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടിയെയും മുന്നണിയെയും വെട്ടിലാക്കുന്ന നിലപാടാണ് ഇതെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു ഭാഗത്ത് ന്യൂനപക്ഷ വിഭാഗത്തെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇത്തരം നടപടികള്‍ ബാധിക്കുമെന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. പിണറായി സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി- കോണ്‍ഗ്രസ്സ് രഹസ്യധാരണ ഉണ്ടെന്നാണ് സി.പി.എം നിരന്തരം ആരോപിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും അത് ഏറ്റെടുത്ത് വിവാദമാക്കുന്ന ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും നിലപാടിനെയും സംശയത്തോടെ മാത്രമാണ് സി.പി.എം വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ, കോണ്‍ഗ്രസ്സ് നേതാവ് രാമക്ഷേത്ര ഫണ്ട് ഉദ്ഘാടനം ചെയ്തതില്‍ സി.പി.എം അസ്വാഭാവികത ഒന്നും തന്നെ കാണുന്നില്ല. ചെന്നിത്തല ഈ ‘കടമ’ നിര്‍വ്വഹിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലന്നതാണ് സി.പി.എം വിലയിരുത്തല്‍.

ഹരിപ്പാട് നിന്നും വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇത്തവണ വിജയം ഉറപ്പിക്കാന്‍, സംഘപരിവാര്‍ പിന്തുണ അനിവാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ മുന്നേറ്റം നടത്തിയ മണ്ഡലം കൂടിയാണ് ഹരിപ്പാട്. ഇവിടെ വീണാല്‍, ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിക്ക് തന്നെയാണ് അതോടെ അവസാനമാകുക.

Top