rss – paravoor

ന്യൂഡല്‍ഹി: കോടി കണക്കിന് രൂപ ചെലവാക്കിയുള്ള ക്ഷേത്രാഘോഷങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആര്‍.എസ്.എസ്. ഇത്തരം ചെലവേറിയ ക്ഷേത്ര ചടങ്ങുകള്‍ പ്രതീകാത്മക ചടങ്ങുകളായി ഒതുക്കണമെന്ന് ആര്‍.എസ്.എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ പറഞ്ഞു.

ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമായി കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നത്. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങള്‍ ഓര്‍ക്കണം. ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അറപ്പും ഭയപ്പാടും സൃഷ്ടിക്കുന്ന ധൂര്‍ത്ത് നിര്‍ത്തലാക്കണം.

ആചാരങ്ങളുടെ ഭാഗമായുള്ളതാണെങ്കില്‍ അതിനെ വിധിപ്രകാരം ദേവതാനുജ്ഞയോടെ പ്രതീകാത്മകമാക്കാവുന്നതാണ്. കാലാനുസൃതമായി ക്ഷേത്രാചാരങ്ങളിലും മാറ്റം വരുത്തണം. വന്‍തുക ചിലവിടുന്ന ആഘോഷങ്ങള്‍ നിര്‍ത്തലാക്കി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തയ്യാറാവണം.

പൊന്ന് വെക്കേണ്ടിടത്ത് പൂവ് വെച്ചുകൊണ്ട് നമ്മുടെ ആചാരാനുഷ്ടാനങ്ങള്‍ പൂര്‍ണമാക്കാന്‍ സാധിക്കും. എളവൂര്‍ തൂക്ക പരിഷ്‌ക്കാര പരിശ്രമങ്ങള്‍ നേരത്തെ നടന്നത് ഓര്‍മിക്കേണ്ടതുണ്ടെന്ന് നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

പഴയകാലത്തെപ്പോലെ, സ്ഥലലഭ്യത ഇന്നത്തെ കാലത്തില്ല. ഇടുങ്ങിയ സ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് അത്യന്തം അപകടകരമാണെന്ന് പരവൂര്‍ സംഭവം തെളിയിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Top