കൊച്ചിയില്‍ ആര്‍എസ്എസ്- ഓര്‍ത്തഡോക്‌സ് സഭാ കൂടിക്കാഴ്ച

കൊച്ചി: ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച കൊച്ചിയില്‍ നടന്നു. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയെ കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തിയാണ് സഭാ നേതൃത്വം കണ്ടത്.

ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവരാണ് ആര്‍ എസ് എസ് കാര്യാലയത്തില്‍ എത്തിയത്. ദേശീയ സഹസര്‍കാര്യവാഹ് മന്‍മോഹന്‍ വൈദ്യ രാവിലെ തന്നെ ഗുജറാത്തില്‍ നിന്ന് എത്തിയിരുന്നു. പളളിത്തര്‍ക്കം അടക്കം നിലവിലെ കേരളത്തിലെ രാഷ്ടീയ സാഹചര്യം ചര്‍ച്ചയായെന്ന് ഓര്‍ത്തഡോക്‌സ് സഭാ ബിഷപ്പുമാര്‍ പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയോടെയെ ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയൂ എന്നാണ് ആര്‍ എസ് എസ് ദേശീയ തേൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. മറ്റ് സഭാ നേതൃത്വങ്ങളുമായും ആര്‍ എസ് എസ് നേതൃത്വം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Top