രാമക്ഷേത്രം നിര്‍മിക്കുമെങ്കില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി : രാമക്ഷേത്രം നിര്‍മിക്കുമെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയ്യാറാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അലോക് കുമാര്‍. പ്രകടനപത്രികയില്‍ രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടുത്തുമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാം- അദ്ദേഹം പറഞ്ഞു.

കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമക്ഷേത്ര പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണക്കണം. ആര് പിന്തുണച്ചാലും ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയെയും വിഎച്ച്പി പിന്തുണക്കും എന്നല്ല അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 2025ഓടെ രാമക്ഷേത്രം നിര്‍മിച്ചിരിക്കും എന്ന പ്രസ്താവനയുമായി ആര്‍ എസ് എസ് രംഗത്ത് വന്നിരുന്നു. സുരേഷ് ഭയ്യാ ജോഷിയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

കോടതി നടപടികള്‍ക്ക് ശേഷം മാത്രമേ രാമക്ഷേത്ര നിര്‍മ്മാണത്തപ്പറ്റി ആലോചിക്കൂ എന്നാണ് നേരത്തെ നരേന്ദ്രമോദി സൂചന നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഭയ്യാ ജോഷിയുടെ വിശദീകരണം.

അയോദ്ധ്യ തര്‍ക്കഭൂമി സംബന്ധിച്ച കോടതി നടപടികള്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണത്തിലൂടെ ഉടന്‍ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കണം എന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുമ്പോഴാണ് 2025ഓടെ ക്ഷേത്രം എന്ന പുതിയ ലക്ഷ്യം ആര്‍എസ്എസ് നേതാവ് പ്രഖ്യാപിക്കുന്നത്.

Top