മഹാരാഷ്ട്ര പ്രതിസന്ധി ആര്‍എസ്എസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ്

മുംബൈ: മഹാരാഷ്ട്രയില്‍ അധികാര തര്‍ക്കം മുറുകുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിലെ തര്‍ക്കം പരിഹരിക്കാനായി ആര്‍എസ്എസ് നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് കിഷോര്‍ തിവാരി കത്തയച്ചു. ബിജെപി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നുമാണ് ശിവസേന നേതാവിന്റെ ആവശ്യം.

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും മന്ത്രിസഭയിലെ പകുതിയോളം സീറ്റുകള്‍ നല്‍കാമെന്നും ധാരണയിലെത്തിയിരുന്നതാണെന്നുമാണ് ശിവസേന പറയുന്നത്. എന്നാല്‍ അങ്ങനെയൊരു ധാരണ ഇല്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന സഖ്യത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബിജെപി സഖ്യധര്‍മം പാലിക്കുന്നില്ലെന്നും സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണെന്നും മോഹന്‍ ഭാഗവതിന് അയച്ച കത്തില്‍ കിഷോര്‍ തിവാരി പറയുന്നു. അതിനാല്‍ പ്രശ്ന പരിഹാരത്തിന് ആര്‍എസ്എസ് ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം വിഷയത്തില്‍ ആര്‍എസ്എസ് നേതൃത്വം ഇതുവരെ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.

Top