പിണറായി തീ കൊണ്ടാണ് കളിക്കുന്നതെന്ന് ആർ.എസ്.എസ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ അതിരൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘ പരിവാർ വീണ്ടും നിലപാട് കർക്കശമാക്കുന്നു.

പിണറായി സർക്കാറിനെ എല്ലാ അർത്ഥത്തിലും ‘പൂട്ടാൻ’ കേന്ദ്ര സർക്കാറിന് ആർ.എസ്.എസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയതായാണ് സൂചന.

മോഹൻ ഭാഗവതിനെ പാലക്കാട്ട് സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിൽ നിന്നും വിലക്കിയ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി നേരിട്ട് സർസംഘചാലകിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നതിന് വലിയ വില നൽകേണ്ടി വരുമെന്നാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന മുന്നറിയിപ്പ്.

കേരള സർക്കാരിനുള്ള കേന്ദ്ര സഹായം വെട്ടിക്കുറച്ചും ‘അവസരം’ ലഭിച്ചാൽ പിണറായി സർക്കാറിനെ തന്നെ പിരിച്ചുവിട്ടും തിരിച്ചടിക്കണമെന്നതാണ് കാവിപ്പയുടെ പൊതുവികാരം.

ലാവ് ലിൻ കേസിൽ സുപ്രീം കോടതിയിൽ നിന്നും പിണറായിക്ക് പ്രതികൂലമായ വിധി സമ്പാദിക്കുന്നതിനാവശ്യമായ നിയമപരമായ ‘ഇടപെടൽ’ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും വരും ദിവസങ്ങളിൽ ശക്തമായി ഉണ്ടാകുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം.

കേരള സർക്കാർ ജിഹാദികളെ സംരക്ഷിക്കുന്ന സർക്കാറാണെന്ന ആർ.എസ്.എസ് തലവന്റെ ആരോപണത്തിനു മറുപടിയായി ‘ ഒരു വർഗ്ഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നാണ് ‘ പിണറായി പ്രതികരിച്ചിരുന്നത്.

മോഹൻ ഭാഗവതിനെ വർഗ്ഗീയ വാദിയായും രാജ്യദ്രോഹിയായും ചിത്രീകരിക്കുന്ന തരത്തിലാണ് ഈ പരാമർശമെന്നും ‘ചൈനീസ് ചാരൻമാരായ’ കമ്യുണിസ്റ്റുകൾക്ക് ആർ.എസ്.എസ് മേധാവിയുടെ പേര് പറയാൻ പോലും അർഹതയില്ലന്നുമാണ് സംഘം നേതൃത്വത്തിന്റെ പ്രതികരണം.

പിണറായി വിജയൻ തീ കൊണ്ടാണ് കളിക്കുന്നതെന്ന് പ്രമുഖ ആർ.എസ്.എസ് നേതാവും മോഹൻ ഭഗവതിന്റെ അടുത്ത അനുയായിയുമായ രാകേഷ് സിൻഹ മുന്നറിയിപ്പു നൽകി.

കേരള സർക്കാർ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ്. കേരളത്തിലെ ജനങ്ങൾ രാജ്യ സ്നേഹികളാണ്. ഇവർ സ്വാതന്ത്ര സമരത്തിൽ വലിയ പങ്കുവഹിച്ചവരാണ്. എന്നാൽ പിണറായി വിജയൻ മോഹൻ ഭാഗവതിന്‍റെ ആരോപണങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും രാകേഷ് സിൻഹ പറഞ്ഞു.

Top