കേരളത്തിലെ ബിജെപിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്ന് ആർഎസ്എസ് നേതൃത്വം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ ബിജെപിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്നും ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനോട് ആർഎസ്എസ് സംസ്ഥാന നേതൃത്വം നിർദേശിച്ചു. പലതട്ടിലാണ് നേതാക്കളുടെ പ്രവർത്തനം. പലരും രംഗത്തില്ല. തിരഞ്ഞെടുപ്പിലേക്ക് ഇൗ രീതിയിൽ പോകാൻ കഴിയില്ല. ആഡംബര പരിപാടികളിലല്ല, അടിത്തട്ടിലെ പ്രവർത്തനത്തിനാണ് ശ്രദ്ധചെലുത്തേണ്ടതെന്നും ആർഎസ്എസ് നിർദേശിച്ചു.

നേതാക്കളെ മാറ്റിനിർത്താതെ അവരെ ഉൾക്കൊണ്ടുപോകാൻ സംസ്ഥാന നേതൃത്വത്തിനാകുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു. കഴിഞ്ഞദിവസം ആർഎസ്എസ് വാർഷിക യോഗത്തിലാണ് ബി.എൽ. സന്തോഷ് പങ്കെടുത്തത്. ദേശീയതലത്തിൽ ബിജെപിയുമായി ഏകോപനം നടത്തുന്ന ആർഎസ്എസ് സഹസർകാര്യവാഹ് അരുൺകുമാറും പങ്കെടുത്തിരുന്നു. ആർഎസ്എസ് ശതാബ്ദി ആഘോഷത്തിലേക്ക് പോകുമ്പോൾ സംഘടനയുടെ പരിവാർ പ്രസ്ഥാനങ്ങളുടെയെല്ലാം പൂർണവിജയം എന്നതാണ് പ്രധാന അജൻഡ. ഇതിൽ പ്രധാനം 2024 ലെ തിരഞ്ഞെടുപ്പാണ്.

കൊടകര കള്ളപ്പണക്കേസ് ബിജെപിക്കുണ്ടായ നാണക്കേടും ആഘാതവും വലുതാണെന്ന് ആർഎസ്എസ് നേതൃത്വം നേരത്തേതന്നെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കേരളത്തിൽ നേതൃമാറ്റം തിരഞ്ഞെടുപ്പിനുശേഷമേ ഉണ്ടാകൂവെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കിയതെന്നാണ് വിവരം. ബിജെപി നേതൃത്വവുമായി സ്വരച്ചേർച്ചയില്ലാതിരുന്ന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ മാറ്റി സഹസംഘടനാ സെക്രട്ടറി കെ.സുഭാഷിനെ നിയോഗിക്കുകയും ചെയ്തു.

Top