ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎയ്ക്കു കൈമാറി

ന്യൂഡല്‍ഹി: പഞ്ചാബിലെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസെയ്നിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറി.

ആര്‍എസ്എസിന്റെ അഭ്യര്‍ഥനമാനിച്ചാണ് നടപടിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്നു ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പഞ്ചാബ് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് നേതാക്കള്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ രവീന്ദര്‍ ഗോസെയ്നിന്റെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. രവീന്ദര്‍ ഗോസെയ്നിന്റെ നാലു മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണു ലുധിയാനയിലെ കൈലാസ് നഗറില്‍ രവീന്ദര്‍ ഗോസെയ്ന്‍ എന്ന ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ശാഖ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി 60 കാരനായ രവീന്ദറിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘമാണ് കൃത്യം നടത്തിയത്. വെടിയേറ്റയുടന്‍ രവീന്ദര്‍ മരിച്ചു. അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.

Top