ആര്‍എസ്എസ് ശ്രമിക്കുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ – എം എ ബേബി

പാലക്കാട്: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എ ബേബി. അക്രമമാണ് ആര്‍എസ്എസിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. തുടര്‍ച്ചയായി കൊലപാതകം നടത്തുന്നത്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനെന്നും എം എ ബേബി പറഞ്ഞു. മലമ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു എം എ ബേബി.

കുന്നംങ്കാട് ജംഗ്ഷനില്‍ വച്ചാണ് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടര്‍ന്നാണ് ഷാജഹാന്‍ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്.

Top