ആര്‍എസ്എസിന് രാഷ്ട്രീയവുമായി ബന്ധമില്ല: മോഹന്‍ ഭാഗവത്

മൊറാദാബാദ്: ആര്‍എസ്എസിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് തലവന്‍ മോഹന്‍ ഭാഗവത്. രാജ്യത്തെ സാംസ്‌കാരികമായും ധാര്‍മികമായും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കായി മൊറാദാബാദില്‍ സംഘടിപ്പിച്ച നാല് ദിവസത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സംഘടനയുടെ ഭാഗമാകുന്നുണ്ട്. അതില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ടവരുമുണ്ടാകാം. എന്നാല്‍ തെരഞ്ഞെടുപ്പ് എന്നത് ഞങ്ങളുടെ വിഷയമേയല്ല. കഴിഞ്ഞ 60 വര്‍ഷമായി രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ നിയന്ത്രിക്കുന്ന ശക്തി ആര്‍എസ്എസാണെന്ന ആരോപണത്തെയും മോഹന്‍ ഭാഗവത് എതിര്‍ത്തു. ബിജെപിയെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈയിലല്ലെന്നും രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും മോഹന്‍ഭഗവത് വ്യക്തമാക്കി.

ആര്‍എസ്എസ് എക്കാലത്തും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തോട് ചേര്‍ന്ന് നിന്നായിരിക്കും പ്രവര്‍ത്തിക്കുക. വ്യക്തിതാല്‍പര്യമില്ലാത്ത, രാജ്യത്തെ സേവിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും അദ്ദേഹം പറഞ്ഞു.

Top