RSS general secretary suresh Bhaiyyaji Joshi says about yogi adhithyanath

കോയമ്പത്തൂര്‍: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് ആര്‍എസ്എസിന്റെ സമ്മര്‍ദ്ദം കൊണ്ടല്ലെന്ന് ആര്‍എസ്എസ് സഹ സര്‍ കാര്യവാഹ് വി. ഭാഗയ്യ.

രാഷ്ടീയ തീരുമാനമനുസരിച്ചാണ് നടപടി. മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല. മന്ത്രിസഭാരൂപീകരണവും തുടര്‍ നടപടികളും ബിജെപിയാണ് തിരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി സംസ്ഥാനമായ ബംഗാളില്‍ വോട്ടുബാങ്ക് ലക്ഷ്യമാക്കി തൃണമൂല്‍ സര്‍ക്കാര്‍ കടുത്ത മുസ്‌ലിംപ്രീണനം നടത്തുന്നതായി ഭാഗയ്യ ആരോപിച്ചു.

ഹിന്ദുധര്‍മ്മ വിശ്വാസികള്‍ക്ക് അവിടെ രക്ഷയില്ലാത്ത സ്ഥിതിയാണ്. ദുര്‍ഗാപൂജയെക്കെതിരെ മുസ്‌ലിം തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ വന്‍ നാശനഷ്ടമാണ് വരുത്തിയത്. ദളിത് വര്‍ഗക്കാര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. മറിച്ച് മുസ്‌ലിം തീവ്രവാദി വിഭാഗത്തിന്റെ ചടങ്ങുകള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നു. ബംഗാളില്‍ പൊതുസമൂഹം അരക്ഷിതാവസ്ഥയിലാണെന്നും ഭാഗയ്യ പറഞ്ഞു.

കേരളത്തില്‍ സിപിഎം വര്‍ഷങ്ങളായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നു. നിരവധി പ്രവര്‍ത്തകരെ ഇതിനകം കൊലപ്പെടുത്തി. സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഷ്ട്രീയ വൈരാഗ്യത്താല്‍ കൊലപ്പെടുത്തുന്നു. സ്വന്തം പാര്‍ട്ടിക്കാരനായ ടി.പി. ചന്ദ്രശേഖരനെ കൊല്ലാനും സിപിഎം മടികാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top