ആർ.എസ്.എസ് വോട്ടും സ്വീകരിക്കും; കാനം, സി.പി.എം അണികളിൽ പ്രതിഷേധം രൂക്ഷം

kanam

ചെങ്ങന്നൂർ: ആർ.എസ്.എസുകാർ വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ സി.പി.എമ്മിൽ പ്രതിഷേധം ശക്തം. കടുത്ത രാഷ്ട്രീയ എതിരാളിയായ ആർ.എസ്.എസിന്റെ വോട്ട് സ്വികരിക്കുമെന്ന് പറയുന്നതിലൂടെ ഇടത് അണികളെ കാനം പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് പ്രവർത്തകർ തുറന്നടിക്കുന്നു.

വോട്ടർമാരിൽ ആശയകുഴപ്പമുണ്ടാക്കാനും ഈ പ്രസ്താവന കാരണമായതിനാൽ കാനത്തെ തള്ളിയാണ് സി.പി.എം മണ്ഡലത്തിൽ പ്രചരണം നടത്തുന്നത്. രാഷ്ട്രീയപരമായി സി.പി.ഐക്ക് ഒരു സ്വാധീനവും അവകാശപ്പെടാൻ ഇല്ലാത്ത ചെങ്ങന്നൂരിൽ കാനം ഇനി പ്രചരണത്തിന് വരാതിരിക്കുന്നതാണ് നല്ലതെന്നാണ് സി.പി.എം പ്രവർത്തകരുടെ അഭിപ്രായം.

മണ്ഡലത്തിൽ നല്ല വോട്ട് ബാങ്കുള്ള കേരള കോൺഗ്രസ്സ് പിന്തുണ ഇടതു സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്ന് ഉറപ്പായതോടെ ഇടത് സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാണോ ഇത്തരം പ്രതികരണങ്ങൾ കൊണ്ട് കാനം ഉദേശിക്കുന്നതെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നു പോലും ഉയർന്നു കഴിഞ്ഞു.

ചെങ്ങന്നൂർ ‘കടമ്പ’ സി.പി.എം കടന്നാൽ മാണിയുടെ കേരള കോൺഗ്രസ്സിനെ മുന്നണിയിലെടുക്കുമെന്നാണ് പറയപ്പെടുന്നത്.
സി.പി.ഐ എതിർത്താലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലന്ന നിലപാടിലാണ് സി.പി.എം.ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ജോസ്.കെ.മാണിയെ പിന്തുണച്ചാൽ തിരിച്ച് മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാമെന്നതാണ് കണക്കുകൂട്ടൽ.

കോൺഗ്രസ്സ് എം.പിമാർ പ്രതിനിധീകരിക്കുന്ന പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ, എറണാകുളം മണ്ഡലങ്ങളിൽ ഇടതു സ്ഥാനാർത്ഥികൾക്ക് കേരള കോൺഗ്രസ്സ് പിന്തുണ ഗുണം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്. നടൻ ഇന്നസെന്റ് പ്രതിനിധീകരിക്കുന്ന ഇടത് മണ്ഡലമായ മുവാറ്റുപുഴയിലും ജോയ്സ് ജോർജ് പ്രതിനിധീകരിക്കുന്ന ഇടുക്കിയിലും മണ്ഡലങ്ങൾ നില നിർത്താൻ കേരള കോൺഗ്രസ്സ് പിന്തുണ ഇടതിന് ഗുണം ചെയ്യും.

ചെങ്ങന്നൂരിലും തൃശൂരിലും സി.പി.ഐ സ്ഥാനാർത്ഥികളാണ് ഇനിയും മത്സരിക്കുന്നതെങ്കിൽ ഇവിടങ്ങളിൽ ഇടത് സഹകരണം ഉണ്ടായാൽ പോലും കേരള കോൺഗ്രസ്സ് പിന്തുണക്കാനുള്ള സാധ്യതയില്ല.സഖ്യം അല്ലെങ്കിൽ ധാരണ . . ഇതിൽ ഒന്ന് ലോക് സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സുമായി സി.പി.എം ഉണ്ടാക്കുമെന്ന കാര്യം നേതൃത്വം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ആർ.എസ്.എസ് – ബി.ജെ.പി തുടങ്ങിയ വർഗ്ഗീയ സംഘടനകൾ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കാമെന്നതാണ് സി.പി.എം നിലപാട്.ഈ നിലപാടിനെതിരെ സി.പി.ഐ രംഗത്ത് വന്നത് മുഖവിലക്കെടുക്കാതെ ശക്തമായി മുന്നോട്ട് പോകാനാണ് ചെങ്ങന്നുരിലെ പാർട്ടി ഘടകങ്ങൾക്ക് സി.പി.എം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.

പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ അഗ്നിപരീക്ഷണമാണ് ചെങ്ങന്നൂരിലേത്.വേങ്ങര ഉൾപ്പെടെ നടന്ന ഉപതിരഞ്ഞെടുപ്പുകൾ ലീഗ് – യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിലായിട്ടും വോട്ട് വർദ്ധിപ്പിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.അത് കൊണ്ട് തന്നെ ഇവിടുത്തെ പരാജയത്തിന് പ്രസക്തിയുണ്ടായിരുന്നില്ല.എന്നാൽ ചെങ്ങന്നൂരിലെ സ്ഥിതി അതല്ല, സി.പി.എം സിറ്റിങ്ങ് സീറ്റാണിത്. കൈവിട്ടാൽ വലിയ വില നൽകേണ്ടി വരും.

ബി.ജെ.പിയെങ്ങാൻ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്താൽ അത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകമാവും. ഇക്കാര്യത്തിൽ കോൺഗ്രസ്സിനും ആശങ്കയുണ്ട്.ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിച്ച് മണ്ഡലം നിലനിർത്താൽ സി.പി.എം ശ്രമിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവനയുമായി ഇപ്പോൾ കാനം രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്.

Top