അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഉറച്ച തീരുമാനം ആര്‍.എസ്.എസിന്റെ !

ഉദയ്പൂര്‍: അങ്ങനെ ഒടുവില്‍ അക്കാര്യത്തിലും അന്തിമ തീരുമാനമായി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചു. വൈകാതെ തന്നെ രാമക്ഷേത്രത്തിനായുള്ള ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് .


”അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് നമ്മുടെ ജോലിയാണ്. രാമന്‍ നമുക്കുള്ളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. അത് നാം തന്നെ പ്രാവര്‍ത്തികമാക്കണം. ഇനി മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുകയാണെങ്കില്‍ നമ്മുടെ കണ്ണ് അതില്‍ എപ്പോഴും ഉണ്ടായിരിക്കണം”- അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി മോദി സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരം ഏല്‍ക്കാനിരിക്കെയാണ് രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ബിജെപി പ്രകടനപത്രികയിലും പറഞ്ഞിരുന്നു.

മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനത്തെ വന്‍ കരഘോഷത്തോടെയാണ് അണികള്‍ എതിരേറ്റത്. രാമക്ഷേത്ര പ്രശ്‌നമാണ് രണ്ടു എം.പിമാരില്‍ നിന്നും രാജ്യം ഭരിക്കുന്ന അവസ്ഥയിലേക്ക് ബി.ജെ.പിയെ മാറ്റിയിരുന്നത്. എന്നാല്‍ വാജ്‌പേയി സര്‍ക്കാറിനും മോദി സര്‍ക്കാറിനും ഇക്കാര്യത്തില്‍ കാര്യമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സുപ്രീം കോടതിയുടെ മധ്യസ്ഥതയിലുള്ള പ്രശ്‌നം വീണ്ടും സജീവമാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. നിയമപരമായ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു സംഘ പരിവാര്‍ സംഘടനകളും ഇക്കാര്യത്തില്‍ വലിയ വികാരത്തിലാണ്. രണ്ടാം മോദി സര്‍ക്കാറിനു കീഴില്‍ അയോധ്യയില്‍ രാമക്ഷേത്രം സാധ്യമാകുമെന്ന് തന്നെയാണ് കാവി പടയുടെ പ്രതീക്ഷ.

Top