സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ ആവശ്യമാണ്: മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. സംവരണത്തെ എതിര്‍ക്കുന്നവരുടെയും അനൂകൂലിക്കുന്നവരുടെയും വികാരങ്ങള്‍ മനസ്സിലാക്കിയാവണം സമവായ ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയം ഉയര്‍ന്നുവരുമ്പോഴൊക്കെ വിവിധ ഭാഗങ്ങളില്‍നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടാകാറുള്ളത്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുവേണം ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സംവരണത്തെ എതിര്‍ക്കുന്നവരുടെ താല്‍പര്യങ്ങള്‍കൂടി മനസ്സില്‍വെച്ചുവേണം അനുകൂലിക്കുന്നവര്‍ സംസാരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ മുന്‍പുതന്നെ അഭിപ്രായം വ്യക്തമാക്കിയിരുന്നെന്നും എന്നാല്‍ അതിന്റെമേല്‍ അനാവശ്യ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധതെറ്റിക്കുകയുമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Top