RSS chief backs gau rakshaks, lauds army

നാഗ്പൂര്‍: പശു സംരക്ഷണത്തിന് പേരില്‍ രാജ്യമെങ്ങും അഴിഞ്ഞാടുന്ന ഗോരക്ഷകരെ പിന്തുണച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്.

ഗോരക്ഷകര്‍ നല്ല ആളുകളാണ്, പശുക്കളെ കശാപ്പ് ചെയ്യുന്നതിനെതിരെ രാജ്യത്ത് നിയമമുണ്ട് ആ നിയമം അനുസരിക്കന്നവരാണ് ഗോരക്ഷകര്‍.

ഗോരക്ഷകരാവാന്‍ കഴിയാത്ത ചില സാമൂഹ്യ വിരുദ്ധ ശക്തികളുണ്ട്. അവരുടെ മുന്നില്‍ ഭരണകൂടം വിഡ്ഢികളാവരുത്. ഗോരക്ഷകരേയും സാമൂഹ്യ വിരുദ്ധരേയും ഒരുപോലെ കാണരുത് മോഹന്‍ ഭാഗവത് പറഞ്ഞു. പശുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഗോരക്ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. ജൈന മതത്തില്‍ പെട്ടവര്‍ പോലും ഗോരക്ഷകരുടെ കൂട്ടത്തിലുണ്ട്.

അവര്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റേയും ഭരണഘടനയുടേയും കീഴില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍.എസ്.എസിന്റെ സ്ഥാപക ദിനത്തില്‍ നാഗ്പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ മോഹന്‍ ഭഗവത് പ്രകീര്‍ത്തിച്ചു. ക്ഷമയ്ക്കും അതിരുണ്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണത്തിലൂടെ പാകിസ്താന്‍ മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ മാത്രമല്ല, മിര്‍പൂര്‍, മുസാഫറാബാദ്, ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ എന്നിവയെല്ലാം ഇന്ത്യയുടെ ഭാഗമാണ്. കശ്മീരിലെ ഏത് അശാന്ത സാഹചര്യവും പാകിസ്താന്‍ സൃഷ്ടിക്കുന്നതാണ്. ഇതിന് തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കിയത് മിന്നലാക്രമണത്തിലൂടെയാണെന്നും ഭഗവത് പറഞ്ഞു. ജാതിയുടെ പേരിലുള്ള വിവേചനത്തേയും മോഹന്‍ ഭഗവത് വിമര്‍ശിച്ചു.

Top