rss-bjp call for ‘hartal’ opposing Kerala CM’s Mangaluru visit

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ സംഘപരിവാർ സംഘടനകൾ 25ന് പ്രഖ്യാപിച്ച പ്രതിഷേധം മധ്യപ്രദേശിന്റെ തുടർച്ച…

കേരളത്തിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർക്ക് നേരെ സി പി എം ആക്രമണം വ്യാപകമാകുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് ഭോപ്പാലിൽ മലയാളി സംഘടനകൾ ഒരുക്കിയ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ പോയ പിണറായിക്കെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയത്.

യോഗസ്ഥലത്ത് തമ്പടിച്ച് മുദ്രാവാക്യം വിളിച്ച 300ഓളം സംഘപരിവാർ സംഘടനാ പ്രവർത്തകരെ നീക്കം ചെയ്യുന്നതിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിൽ നടന്ന ഈ സംഭവം ഏറെ വിവാദമായിരുന്നു. കണ്ണൂരിൽ സി പി എം – ആർ എസ് എസ് സംഘർഷം രൂക്ഷമായിരുന്ന സമയത്തായിരുന്നു സംഭവം.

കേരളത്തിലെ ആക്രമണത്തിന് സ്വാധീനമുള്ള മറ്റ് സംസ്ഥാനങ്ങളിൽ ‘ഉചിതമായ ‘ മറുപടി നൽകുക എന്ന ആർ എസ് എസ് നിലപാടിന്റെ ഭാഗമായിരുന്നു പ്രതിഷേധം.

ഡൽഹിയിൽ നിരവധി തവണ എ കെ ജി ഭവന് നേരെ ആർ എസ് എസ് – ബി ജെ പി ആക്രമണമുണ്ടായതും ഇതേ കാരണം മുൻനിർത്തിയാണ്.

എന്നാൽ മുൻ സാഹചര്യത്തിൽ നിന്നും വിഭിന്നമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ടീയ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത സമാധാനയോഗം കണ്ണൂരിൽ നടന്ന് കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് എന്തിനു വേണ്ടിയാണെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

മതസൗഹാർദ്ദ റാലിയിൽ പ്രസംഗിക്കാനാണ് പിണറായി മംഗളൂരിവിൽ എത്തുന്നത്. എ കെ ജി ബീഡി വർക്കേഴ്സ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിലും പിണറായി പങ്കെടുക്കുന്നുണ്ട്.

പരിപാടി അലങ്കോലമാക്കാൻ അന്നേ ദിവസം പ്രദേശത്ത് ഹർത്താലും സംഘപരിവാർ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി പരിപാടിയിൽ പങ്കെടുക്കുന്നത് എങ്ങനെയും തടയുമെന്നാണ് പ്രഖ്യാപനം. ആർ എസ് എസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് മുഖ്യമന്ത്രിക്കെതിരായ ഈ നീക്കവും

അതേസമയം കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകയിൽ കേരള മുഖ്യമന്ത്രി വരികയാണെങ്കിൽ കനത്ത സുരക്ഷയൊരുക്കി പരിപാടിയിൽ പങ്കെടുക്കാൻ സാഹചര്യമൊരുക്കുമെന്നാണ് സർക്കാർ വ്യക്തമാകുന്നത്.

ഇതിനിടെ സംഘപരിവാർ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചതിനാൽ പരിപാടി എങ്ങനെ നടത്തുമെന്നതിനെ സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

Top