rss attack against vishnu; case registered 45 rss leaders

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വിഷ്ണുവിന്റെ മൊഴിയില്‍ 45 ആര്‍എസ്എസുകാര്‍ക്കെതിരെ കേസ്.

ആര്‍എസ്എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. രണ്ട് അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്കാണ് കേസിന്റെ് അന്വേഷണ ചുമതല.

സിപിഐഎം ബന്ധം ആരോപിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വിഷ്ണു നല്‍കിയ മൊഴി. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് വിഷ്ണു ആരോപിച്ചു.

തന്റെ മരണത്തിന് ഉത്തരവാദി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്ന് നിര്‍ബന്ധിച്ച് ആത്മഹത്യാകുറിപ്പ് എഴുതിപ്പിച്ചെന്നും വിഷ്ണു പറഞ്ഞു. ജയരാജനെ കുടുക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ നീക്കം നടത്തിയതായും ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസ് സംസ്ഥാന നേതൃത്വമാണെന്നും വിഷ്ണു വെളിപ്പെടുത്തി.

നാലു കാര്യാലയങ്ങളിലും രണ്ടു വീടുകളിലുമായിട്ടായിരുന്നു ഡിസംബര്‍ 15 മുതല്‍ ജനുവരി 22 വരെ ആര്‍എസ്എസ് വിഷ്ണുവിനെ തടങ്കലില്‍ വെച്ചിരുന്നത്. ഇതില്‍ തിരുവനന്തപുരം വിഭാഗ് കാര്യാലയത്തില്‍നിന്നാണ് രക്ഷപ്പെട്ടതെന്നും വിഷ്ണു പറയുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top