ചരിത്രം തിരുത്തി ആര്‍.എസ്.എസ്; സര്‍ക്കാരിതര സൈനിക സ്‌കൂള്‍ ആരംഭിക്കും

ലഖ്നൗ: സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കുന്ന സ്‌കൂള്‍ തുടങ്ങാന്‍ ഒരുങ്ങി ഹിന്ദുത്വ സംഘടനയായ ആര്‍ എസ് എസ്.ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സര്‍ക്കാരിതര സംഘടന മിലിട്ടറി സ്‌കൂള്‍ ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. ആര്‍ എസ് എസ് മേധാവിയായിരുന്ന രാജേന്ദ്രസിങ്ങിന്റെ പേരിലാണ് സ്‌കൂള്‍. രാജു ഭയ്യാ സൈനിക വിദ്യാമന്ദിര്‍ എന്നാണ് സ്‌കൂളിന് പേര് നല്‍കിയിട്ടുള്ളത്.

ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതി എന്ന സംഘടന പറയുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്നിക്കല്‍ എക്സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും പ്രസ്തുത സ്‌കൂളില്‍ നല്‍കുക.

സ്‌കൂളിലേക്കുള്ള രജിസ്ട്രേഷന്‍ ഫെബ്രുവരി 23ന് തുടങ്ങും.പ്രവേശനം എന്‍ട്രന്‍സ് മുഖേനെ ആയിരിക്കും. മാര്‍ച്ച് ഒന്നിനാണ് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കായി പ്രവേശന പരീക്ഷ നടത്തുക. പൊതുവിജ്ഞാനം, ഗണിതം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അവഗാഹം വിലയിരുത്തുന്ന പരീക്ഷയ്ക്ക് ശേഷം അഭിമുഖവും, ആരോഗ്യ പരിശോധനയും നടത്തിയതിന് ശേഷം മാത്രമേ യോഗ്യരായവരെ കണ്ടെത്തുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

പൂര്‍ണമായും റസിഡന്‍ഷ്യല്‍ മാതൃകയില്‍ ആരംഭിക്കുന്ന ഈ സ്‌കൂളില്‍ ആറാം ക്ലാസ് മുതലാണ് പ്രവേശനം അനുവദിക്കുക.ഏപ്രില്‍ ആറു മുതല്‍ ക്ളാസുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറമെ സൈനിക മേഖലയില്‍ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് സ്‌കൂളില്‍ പിന്തുടരുക. വിദ്യാര്‍ഥികള്‍ക്ക് ആത്മീയവും ധാര്‍മികവുമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ രീതിയാണ് അഭികാമ്യമെന്നാണ് വിദ്യാഭാരതി അധികൃതര്‍ പറയുന്നത്.

160 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം നല്‍കുന്നത്.സൈനിക സേവനത്തിനിടെ വീരമൃത്യുവരിച്ചവരുടെ മക്കള്‍ക്കായി എട്ട് സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. ഇളം നീല ഷര്‍ട്ടും കടുംനീല പാന്റുമാണ് വിദ്യാര്‍ഥികളുടെ യൂണിഫോം. അധ്യാപകര്‍ക്ക് വെള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമാണ് യൂണിഫോമായി നിശ്ചയിച്ചിരിക്കുന്നത്.

Top