സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ലക്ഷ്യം, തോല്‍പ്പിക്കുവാന്‍ കാവിയുടെ പദ്ധതി !

ദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാന്‍ ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ ആര്‍.എസ്.എസ് നിര്‍ദേശം. സംഘപരിവാര്‍ അണികള്‍ക്കാണ് ഇത്തരമൊരു നിര്‍ദ്ദേശം കീഴ്ഘടകങ്ങള്‍ വഴി ആര്‍.എസ്.എസ് നല്‍കിയിരിക്കുന്നത്. ബി.ജെ.പിക്ക് വിജയ സാധ്യത ഇല്ലാത്ത സ്ഥലങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ പരാജയം ഉറപ്പാക്കാനാണ് നിര്‍ദ്ദേശം. ഇതോടെ കടുത്ത മത്സരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആര്‍.എസ്.എസ് കേഡര്‍ സംഘടന ആയതിനാല്‍ സംഘം പ്രവര്‍ത്തകര്‍ക്ക് രഹസ്യമായി തന്നെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ഇടതുപക്ഷത്ത് സി.പി.എമ്മിനോടാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പുള്ളത്. പരമ്പരാഗതമായി ചെമ്പടയോടുള്ള കാവി പടയുടെ വൈരാഗ്യമാണിത്. ഏറ്റവും അധികം പരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും വേട്ടയാടപ്പെട്ടത് പിണറായി ഭരണത്തിലാണെന്നാണ് ആര്‍.എസ്.എസ് നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നത്.

നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും കള്ള കേസുകളില്‍ കുടുക്കിയതും മറക്കാന്‍ പറ്റില്ലെന്നതാണ് നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പിനെയും അത് സ്വാധീനിക്കുമെന്ന് കണ്ടാണ് ഒരു മുഴം മുന്‍പേയുള്ള ഈ നീക്കം. അഭിപ്രായ ഭിന്നതകള്‍ വസാനിപ്പിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി നേതൃത്വത്തിനോടും ആര്‍.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്കങ്ങളും പിണക്കങ്ങളും പരിഹരിക്കാന്‍ സമന്വയബൈഠക് സംഘടിപ്പിക്കാനും ആര്‍.എസ്.എസ് തീരുമാനിച്ചിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ പ്രത്യേക യോഗങ്ങള്‍ പഞ്ചായത്ത് തലങ്ങളില്‍ വിളിച്ച് താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇതു വഴി ലക്ഷ്യമിടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 5000 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആര്‍.എസ്.എസ് നേരിട്ട് ഇടപെടല്‍ നടത്തുന്നത്. ബി.ജെ.പി.യുടെ വിജയസാധ്യത സംബന്ധിച്ച് നേരത്തെ തന്നെ ആര്‍.എസ്.എസ്. വിശദമായ പഠനവും നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കി അവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാനാണ് തീരുമാനം. സംഘടനയ്ക്കുള്ളിലെ ചില്ലറ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വിജയിക്കാമെന്ന് വിലയിരുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ ആര്‍.എസ്.എസ്. ജില്ലാ നേതാക്കളെ തന്നെ ഇറക്കി ചര്‍ച്ചകള്‍ നടത്തും. ഇവിടങ്ങളില്‍ വിജയമുറപ്പിക്കാന്‍ ഗൃഹസമ്പര്‍ക്കത്തിന് ആര്‍.എസ്.എസ് ആണ് സ്‌ക്വാഡുകള്‍ ക്രമീകരിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സംഘടനാതലത്തിലുമുള്ള തര്‍ക്കങ്ങളും സമന്വയബൈഠക്കുകളിലൂടെ പരിഹരിക്കാനാകുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷിക്കുന്നത്.

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനായ, എസ്.സേതുമാധവനാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലകളുടെ സംയോജകന്മാരായി ആര്‍.എസ്.എസ്. സംസ്ഥാന – വിഭാഗ് ചുമതലകള്‍ വഹിക്കുന്നവരെയും നിയോഗിച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ജില്ലാ നേതാക്കള്‍ നിയോജക മണ്ഡലങ്ങളിലും താലൂക്ക് നേതൃതലത്തിലുള്ളവര്‍ പഞ്ചായത്തുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. വിജയ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പുവരുത്തുക. ഇതിനായി വോട്ടെടുപ്പ് സമയത്ത് ഉചിതമായ തീരുമാനം എടുക്കാനാണ് നിര്‍ദ്ദേശം. യു.ഡി.എഫിനാണ് സംഘപരിവാറിന്റെ ഈ തീരുമാനം ഗുണം ചെയ്യുക. എന്നാല്‍ കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അട്ടിമറി നീക്കം പുറത്തായാല്‍ അത് ഇടതുപക്ഷത്തിനാണ് നേട്ടമാകുക.

കോ – ലീ – ബി സഖ്യമായി മത്സരിച്ച സമയത്തെല്ലാം വലിയ തിരിച്ചടിയാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിച്ചിട്ടുള്ളത്. അതാണ് കേരളത്തിന്റെ ചരിത്രം. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് പലയിടത്തും സഖ്യത്തിലാണ്. എസ്.ഡി.പി.ഐയുമായുള്ള ധാരണയും വ്യാപകമാണ്. ഈ വിചിത്ര സഖ്യത്തിന് സംഘ പരിവാറിന്റെ പിന്തുണ എവിടെയെങ്കിലും ലഭിച്ചാല്‍ അത് യു.ഡി.എഫ് വോട്ട് ബാങ്ക് കൂടിയാണ് ശിഥിലമാക്കുക. നിലവില്‍ വെല്‍ഫയര്‍ പാര്‍ട്ടി സഹകരണത്തില്‍ തന്നെ മുന്നണിയില്‍ ഭിന്നത രൂക്ഷവുമാണ്. മുസ്ലീം ലീഗിന്റെ അടിത്തറയായ സമസ്ത പരസ്യമായാണ് സഖ്യത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്. കാന്തപുരം എ.പി വിഭാഗം സുന്നികളും പ്രതിഷേധത്തിലാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും വെല്‍ഫയര്‍ പാര്‍ട്ടി സഹകരണത്തിനെതിരെ കടുത്ത നിലപാടിലാണ്.

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗം യു.ഡി.എഫ് എന്ന ‘വഞ്ചിയെ’ മുക്കുമോയെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഭയപ്പെടുന്നത്. ലീഗിനെ ഭയന്ന് എതിര്‍പ്പ് ശക്തമാക്കാനും നേതാക്കള്‍ക്ക് കഴിയുന്നില്ല. വല്ലാത്ത ഒരവസ്ഥ തന്നെയാണിത്. ഇതോടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ സംഘപരിവാര്‍ വോട്ട് നേടുന്നതിലും തെറ്റില്ല എന്ന നിലപാടിലേക്കാണ് പല പ്രാദേശിക കോണ്‍ഗ്രസ്സ് ഘടകങ്ങളും എത്തിയിരിക്കുന്നത്. ആര്‍.എസ്.എസ് അനുഭാവമുള്ളവരും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖന്‍ തൃശൂര്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ വാര്‍ഡ് 11-ലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. ആര്‍.എസ്.എസിന്റെ മുന്‍ കാര്യവാഹക് ആയിരുന്ന രാജേഷ് പന്നിയടിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഇതേ ചൊല്ലി കോണ്‍ഗ്രസ്സിലും ഇപ്പോള്‍ കലഹം രൂക്ഷമാണ്.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനത്തെ രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് മുന്‍പ് അഞ്ചും ആറും ശതമാനമുണ്ടായിരുന്ന ബി.ജെ.പി.യുടെ വോട്ടുവിഹിതം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പത്തു ശതമാനം കടന്നിരുന്നത്. ശരാശരി വോട്ടുവിഹിതം 10.9 ശതമാനമായാണ് ഉയര്‍ന്നിരുന്നത്. യു.ഡി.എഫ് ആകട്ടെ 42.2 ശതമാനത്തോടെ 12 സീറ്റ് നേടുകയും ചെയ്തു. 40.18 ശതമാനം നേടിയ ഇടതുമുന്നണിയുടെ നേട്ടം അന്ന് എട്ടു സീറ്റുകളിലായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ട് വിഹിതം 15.01 ശതമാനമായും വര്‍ദ്ധിക്കുകയുണ്ടായി. ഈ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും അവര്‍ നേടുകയുണ്ടായി. ആ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് 38.84 ശതമാനം വോട്ടുകളാണ്. സീറ്റുകളുടെ എണ്ണം 47 ആയി കുത്തനെ കുറയുകയുമുണ്ടായി.

2016-ല്‍ 90 സീറ്റുമായി ഭരണത്തിലെത്തിയ ഇടതുമുന്നണിയുടെ വോട്ട് വിഹിതം 43.33 ശതമാനമായാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ചിത്രം വീണ്ടും മാറി. ബി.ജെ.പി.യുടെ വോട്ടുവിഹിതം അല്‍പ്പം കൂടിയെന്നതൊഴിച്ചാല്‍ അവര്‍ക്ക് കാര്യമായ നേട്ടമൊന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ല. 15.56 ശതമാനമാണ് വോട്ട് വിഹിതമുണ്ടായിരുന്നത്. അതേസമയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി കേരളം നല്‍കിയ വോട്ടില്‍ 19 സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്. 47.34 ശതമാനം വോട്ട് വിഹിതവും അവര്‍ക്ക് ലഭിച്ചു. വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിച്ചതാണ് ഈ അട്ടിമറിക്ക് കാരണമായിരുന്നത്. ഇതോടെ, ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 35.15 ശതമാനമായാണ് കുത്തനെ ഇടിഞ്ഞിരുന്നത്.

ഒരു ലോകസഭ സീറ്റിലായി ചുവപ്പിന്റെ വിജയവും ഒതുങ്ങി. യു.ഡി.എഫ് നേടിയ ഒമ്പതു ശതമാനത്തിലേറെ വോട്ടിന്റെ വര്‍ദ്ധനവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊളിച്ചടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം നീങ്ങുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കോട്ടകള്‍ തകര്‍ക്കാന്‍ കഴിഞ്ഞതാണ് ചെമ്പടയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ജോസ്.കെ മാണി വിഭാഗം മുന്നണിയിലെത്തിയതും സര്‍ക്കാറിന്റെ വികസന പദ്ധതികളും വലിയ നേട്ടം സമ്മാനിക്കുമെന്നാണ് വിലയിരുത്തല്‍. വിവാദങ്ങള്‍ക്കും മീതെ ആധികാരികമായ ഒരു ജയമാണ് ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നത്.

Top