അല്‍ഫോണ്‍സ് കണ്ണന്താനം ആരുടെ മന്ത്രി ? പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ് നേതാക്കള്‍

24550209_1956059201319690_1467437859_n

തിരുവനന്തപുരം: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ആര്‍.എസ്.എസ് നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

സംസ്ഥാന സര്‍ക്കാറുമായും സി.പി.എം നേതൃത്വവുമായും കണ്ണന്താനം തുടരുന്ന ‘അടുപ്പം’ ശരിയായ നടപടിയല്ലെന്നതാണ് സംഘം നേതൃത്വത്തിന്റെ നിലപാട്.

കേന്ദ്ര മന്ത്രിയായ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ നല്‍കിയ വിരുന്നില്‍ കണ്ണന്താനം പങ്കെടുത്തതും പിന്നീട് കോട്ടയത്ത് സ്വീകരണ കേന്ദ്രത്തിലേക്ക് പോകും വഴി സി.പി.എം ഓഫീസിനുളളിലേക്ക് ഓടി കയറി സഖാക്കള്‍ക്ക് കൈ കൊടുത്തതും സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കെയാണ് പുതിയ വിവാദത്തിന് ഇപ്പോള്‍ മന്ത്രി തിരികൊളുത്തിയിരിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ ബി.ജെ.പിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി രംഗത്ത് വന്നിരിക്കെ സംസ്ഥാന സര്‍ക്കാറിന് അനുകൂലമായ നിലപാട് കണ്ണന്താനം സ്വീകരിച്ചതാണ് ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും രോഷാകുലരാക്കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യൂ മന്ത്രി ചന്ദ്രശേഖരനുമൊപ്പം കണ്ണന്താനം മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

ഓഖി മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കിയത് നവംബര്‍ 30ന് ഉച്ചക്ക് 12 മണിക്കാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

സംസ്ഥാന സര്‍ക്കാറിന്റെ വാദത്തെ പൂര്‍ണ്ണമായും പിന്തുണച്ചായിരുന്നു ഈ അഭിപ്രായപ്രകടനം.

ചാനലുകളില്‍ കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍ ബ്രേക്കിങ്ങ് ന്യൂസായതോടെ ഉടന്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ദേശീയ സമിതിയംഗം വി.മുരളിധരന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവര്‍ പ്രസ്താവന തിരുത്താന്‍ മന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനു ശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീരദേശത്ത് വച്ച് മാധ്യമങ്ങളെ കണ്ട അല്‍ഫോന്‍സ് കണ്ണന്താനം നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെ മുന്‍ പ്രസ്താവന തിരുത്തി ഓഖി മുന്നറിയിപ്പ് കേന്ദ്രം നേരത്തെ നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു.

ന്യൂനമര്‍ദ്ദമുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും 28, 29 തീയതികളില്‍ അറിയിച്ചിരുന്നുവെന്നും ചുഴലിക്കാറ്റിന്റെ വിശദാംശങ്ങളാണ് 30ന് കൈമാറിയതെന്നുമാണ് പുതിയ വിശദീകരണം.

കണ്ണന്താനം നിലപാട് തിരുത്തിയെങ്കിലും സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രതിഷേധം ശമിച്ചിട്ടില്ല. ഇങ്ങനെ പാര്‍ട്ടിക്ക് ബാധ്യതയാവുന്ന മന്ത്രിയുമായി മുന്നോട്ട് പോകണമോ എന്നത് സംബന്ധിച്ച് ബി.ജെ.പി നേതൃത്വമാണ് നിലപാട് സ്വീകരിക്കേണ്ടതെന്നാണ് ആര്‍.എസ്.എസിന്റെ തീരുമാനം.

ഏറ്റവുമധികം പേര്‍ മരണപ്പെട്ട പൂന്തുറയില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍
സന്ദര്‍ശിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്ന ബി.ജെ.പി, കേന്ദ്ര പ്രതിരോധ മന്ത്രിയെ അടക്കം സ്ഥലത്തെത്തിച്ചാണ് സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ പാലിച്ചിരുന്നുവെങ്കില്‍ ഇത്ര വലിയ ദുരന്തം നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.Related posts

Back to top