Rss against Kadakampally surendran’s statement

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാന്‍ സംഘ്പരിവാര്‍ നേതൃത്വത്തിന്റെ തീരുമാനം.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പരിസരത്ത് ആര്‍എസ്എസ് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ ഭാഗമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സര്‍ക്കാര്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ഈ നീക്കം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തടയുന്നതിന്റെ ഭാഗമായിട്ടാണ് സംഘ്പരിവാര്‍ നേതൃത്വം കാണുന്നത്.

നിലവില്‍ വിഎച്ചപിയുടെ നിയന്ത്രണത്തിലടക്കം അനവധി ക്ഷേത്രങ്ങളുടെ പരിസരത്ത് സംഘ്പരിവാര്‍ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടങ്ങളില്‍ ശാഖയുടെ പ്രവര്‍ത്തനവും സജീവമാണ്.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖയുടെ പ്രവര്‍ത്തനം വിലക്കുക വഴി മറ്റ് ക്ഷേത്ര ഭരണ സമിതികള്‍ക്കും സമൂഹത്തിലും ആര്‍എസ്എസിന് എതിരായ കേന്ദ്രീകൃത വികാരമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ആരോപണം.

ഹിന്ദുവിരുദ്ധ സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ശാഖാ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വന്നാല്‍ നേരിടാന്‍ തന്നെയാണ് നേതാക്കള്‍ക്കിടയിലെ ആലോചന.

പരിവാര്‍ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ചേര്‍ത്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് നേതൃത്വം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിടുന്ന സംഘ്പരിവാര്‍ നേതൃത്വം ഇത് മുന്നില്‍ കണ്ടാണ് കേരളത്തിന്റെ ചുമതല ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായോട് തന്നെ ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നത്.

രാജ്യത്ത് ഭരണമില്ലാത്ത സംസ്ഥാനമാണെങ്കിലും ആര്‍എസ്എസിന് ഏറ്റവുമധികം ശാഖകളുള്ള ഏക സംസ്ഥാനമാണ് കേരളം.

രക്തസാക്ഷികളുടെ കാര്യത്തിലും ഇന്ത്യയിലെ ബിജെപി സ്വാധീന സംസ്ഥാനങ്ങളെ കടത്തിവെട്ടി ഒന്നാംസ്ഥാനത്ത് കേരളം തന്നെയാണ്. ഇതു തന്നെയാണ് കേരളത്തെ കൂടുതല്‍ ശ്രദ്ധിക്കാനും പ്രത്യേക പരിഗണന നല്‍കാനും സംഘ്പരിവാര്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തുടങ്ങി ഉന്നത നേതാക്കളുടെ നിരന്തരമായ ഇടപെടലുകളാണ് കേരളത്തിലെ സംഘ്പരിവാര്‍ സംഘടനകളുടെ കാര്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയിലും ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുമെന്നാണ് സൂചന.

Top