മധ്യവർഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ആർഎസ്എസ് നിർദ്ദേശം

ഡൽഹി : മധ്യവർഗത്തിന്റെ അതൃപ്തി പരിഹരിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി ആർഎസ്എസ്. ഇതിനായുള്ള നിർദ്ദേശങ്ങൾ അടുത്ത കേന്ദ്രബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് നിർദ്ദേശം. നികുതി നിരക്കുകളിലെ മാറ്റവും കേന്ദ്രം ആലോചിച്ചേക്കും.

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആർഎസ്എസ് ചില നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് മുമ്പാകെ വച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആർഎസ്എസ് നടപടി. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ മധ്യവർഗത്തെ നന്നായി ബാധിച്ചു, മോദി സർക്കാറിൽ പ്രതീക്ഷ പുലർത്തിയ ജനങ്ങളെ ഇത് അതൃപ്തിയിലാക്കിയിട്ടുണ്ട്.

കേന്ദ്ര ബജറ്റിൽ ഇത് പരിഹരിക്കാനുള്ള നടപടികളുണ്ടാകണമെന്നും ഉന്നത ആർഎസ്എസ് നേതാക്കൾ നിർദ്ദേശിച്ചു. പഴയ പെൻഷൻ പദ്ദതിയടക്കം മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ വാഗ്ദാനങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടുന്നുണ്ട്, ഹിമാചലിലെ തോൽവിക്ക് ഇത് ഒരു കാരണമാണ്. ജനവികാരം എതിരാകാനുള്ള സാഹചര്യം ഒരുക്കരുതെന്നും നിർദേശിച്ചതായാണ് സൂചന. രാജ്യത്ത് ദാരിദ്ര്യത്തിന്റെ ഭീകരത നിലനിൽക്കുകയാണെന്നും വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ രൂക്ഷമാണെന്നും ഒക്ടോബറിൽ ആർഎസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേ ഒരു വെബിനാറില് പറഞ്ഞിരുന്നു.

ആദായ നികുതി നിരക്കുകളിൽ ഉൾപ്പടെ മാറ്റം ആലോചിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നതാണ് ആർഎസ്എസ് നിർദ്ദേശം. നിർണായക സംസ്ഥാനങ്ങളിൽ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാരിന്റെ സാമ്പത്തിക നയത്തിൽ ആർഎസ്എസിനുള്ള അതൃപ്തി കൂടിയാണ് പുറത്തു വരുന്നത്.

Top