RSS activist and the CPI-M activist killd

knife

പയ്യന്നൂര്‍: രാമന്തളി കുന്നരുവില്‍ സി.പി.എം. പ്രവര്‍ത്തകനും അന്നൂരില്‍ ബി.എം.എസ്. പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ചു.

മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍ വച്ച് സി.പി.എമ്മുകാരന്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധനരാജിനെ (38) വെട്ടിക്കൊന്നത്.

തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഇതിന് തുടര്‍ച്ചയായി അര്‍ധരാത്രിക്ക് ശേഷം ഒരുമണിയോടെ ബി.എം.എസ്. പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു.

മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ പറയുന്നു. ശരീരമാകെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ധന്‍രാജിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധന്‍രാജിനെ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടിലെത്തിയ ഉടനെ വെട്ടിവീഴ്ത്തുകയായിരുന്നു.

ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു.

അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: മാധവി. ഭാര്യ: സജിനി. മക്കള്‍: വിദ്യാനന്ദ്, വിവേകാനന്ദ്. സഹോദരങ്ങള്‍: നളിനി, പ്രീത.
കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ സി.പി.എം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം ചൊവ്വാഴ്ച 11 മണിക്ക് പയ്യന്നൂരില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശവസംസ്‌കാരം ഉച്ചയ്ക്ക് കുന്നരു കാരന്താട്ടില്‍ നടക്കും.

അന്നൂരിലെ ബി.എം.എസ്. പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തിനുപിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ ആരോപിച്ചു.
കാരയില്‍ ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹക് പി.രാജേഷിന്റെ വീടിനും ബേക്കറിക്കും വാഹനത്തിനും നേരെ ആക്രമണമുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്.

Top