ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെയെന്ന് ആര്‍എസ്പി

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് അഭിപ്രായവുമായി ആര്‍എസ്പി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നിലാണ് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള ആര്‍എസ്പി നേതാക്കള്‍ അഭിപ്രായം അറിയിച്ചത്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കുന്ന മുന്നണി തെരഞ്ഞെടുപ്പിനെ നേരിടണം. മുഖ്യമന്ത്രി ആരാവണമെന്നൊക്കെ പിന്നീട് തീരുമാനിക്കാമെന്നും ആര്‍എസ്പി നിലപാടെടുത്തു. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണമായതെന്ന് ആര്‍എസ്പി പറഞ്ഞു. പരിഹരിക്കാന്‍ അടിയന്തര നടപടിയാണ് ആവശ്യം. ഉമ്മന്‍ചാണ്ടി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നും ആര്‍എസ്പി പറഞ്ഞു.

Top