RSP national conference

ന്യൂഡല്‍ഹി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ എല്‍എഡിഎഫിലേക്ക് പോകണമെന്ന് പ്രമേയം. കേരളത്തിലെ ആര്‍എസ്പിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കടുത്ത ഭിന്നതയാണ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് സഖ്യത്തില്യേക്ക് മാറിയതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. പശ്ചിമബംഗാളില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള പ്രതിനിധികളാണ് കേരള ഘടകത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രത്യേക പ്ലീനം ചേരുവാന്‍ ദേശീയ സമ്മേളനത്തില്‍ തീരുമാനമായി. ദേശീയ സമ്മേളനത്തിന്റെ ഭാഗമായുളള ഉദ്ഘാടന വേദിയില്‍ മന്ത്രി ഷിബുബേബി ജോണിന് ഇരിപ്പിടം കൊടുത്തതിലും പരാതി ഉയര്‍ന്നിട്ടുണ്ട്.

അഴിമതിയടക്കം വളരെയേറെ ആരോപണങ്ങള്‍ നേരിടുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി ഷിബുബേബിജോണിന് ഉദ്ഘാടന വേദിയില്‍ ഇരിക്കുവാനുളള അര്‍ഹത ഇല്ലെന്നാരോപിച്ചായിരുന്നു പരാതി.

സമ്മേളനത്തില്‍ ടി.ജെ.ചന്ദ്രചൂഡനെ ആര്‍.എസ്.പി ദേശീയ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.

അതേസമയം ആര്‍എസ്പി എല്‍ഡിഎഫിലേക്ക് തിരിച്ചുവരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.

Top