അരുണ്‍ ജെയ്റ്റലിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്കെതിരെ മോശം പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്.

രാജ്യസഭാക്ഷന്‍ വെങ്കയ്യ നായിഡുവാണ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് അയച്ചത്. ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് വെങ്കയ്യ നായിഡു ലോക്‌സഭാ അധ്യക്ഷന്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജെയ്റ്റ്‌ലി എന്നതിന് പകരം കള്ളം എന്നര്‍ഥം വരുന്ന ജെയ്റ്റ്‌ലൈ എന്ന പദം ട്വീറ്റില്‍ രാഹുല്‍ ഉപയോഗിച്ചതാണ് അവകാശ ലംഘന നോട്ടീസിന് ആധാരം. സഭാ നേതാവായ അരുണ്‍ ജെയ്റ്റിലിക്കു നേരെ മോശം വാക്കുകള്‍ ഉപയോഗിച്ചത് അവകാശ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. പ്രഥമ പരിശോധനയില്‍ അവകാശ ലംഘനം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ജയ്റ്റ്‌ലിയെ പരാമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി എം.പി ഭൂപേന്ദ്ര യാദവാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. ഇതേ സംഭവത്തില്‍ രാഹുലിനെതിരായ പരാതി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

Top