പ്രളയക്കെടുതി ; കേരളത്തിന് സഹായമായി കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് സഹായമായി കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ അനുവദിച്ചു. പ്രളയത്തില്‍ ഏറ്റവുമധികം കൃഷി നാശം സംഭവിച്ച മേഖലകളില്‍ ഒന്നായ കുട്ടനാട് കേന്ദ്ര കൃഷി മന്ത്രി സന്ദര്‍ശിക്കണമെന്നും കേരളത്തിലെ എംപിമാര്‍ കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കെ.വി തോമസ് എന്നിവരാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിങ്ങുമായി ഇന്ന് കൂടി കാഴ്ച്ച നടത്തിയത്.

പ്രളയത്തില്‍ വന്‍ കൃഷി നാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നാണ് പ്രാധാനമായും എം.പിമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.

വ്യാഴാഴ്ച്ച രാവിലെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. വൈകിട്ട് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാനെയും കണ്ട് സംസാരിക്കും.

നിലവില്‍ കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല. അത് സൗജന്യമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടും. മണ്ണെണ്ണയ്ക്കും വില നല്‍കണമെന്നാണ് ഇപ്പോഴുള്ള ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഇത് പുനപരിശോധിക്കണമെന്നും വ്യാഴാഴ്ച്ച വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ എം.പിമാര്‍ ആവശ്യപ്പെടും.

Top