ഹിമാചലിന് ഏഴ് കോടി രൂപ ധനസഹായം, എക്‌സൈസിന് 33 പുതിയ വാഹനങ്ങള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: മഴയില്‍ നാശനഷ്ടമുണ്ടായ ഹിമാചല്‍ പ്രദേശിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് കോടി രൂപ ധനസഹായം ഹിമാചലിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

മറ്റ് മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

1. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ 109.60 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് – കേരളയുടെ പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിന് സമഗ്ര ഭരണാനുമതി നല്‍കി. ലൈബ്രറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്‍പ്പെടെ 4 നില കെട്ടിടം നിര്‍മ്മിക്കുന്നതിനും ലാബ് സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2024-25 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

2. പശ്ചിമതീര കനാല്‍ വികസനവുമായി ബന്ധപ്പെട്ട് ട്രാന്‍സിറ്റ് ഓറിയെന്റഡ് ഡെവലപ്‌മെന്റ് ആന്‍ഡ് അസ്സസ്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പഠനം നടത്തുന്നതിനും പഠനത്തിലൂടെ കണ്ടെത്തുന്ന സാമ്പത്തിക വികസന മേഖലകള്‍ സംസ്ഥാനത്തിന്റെ പി പി പി നയത്തിന് അനുസൃതമായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുമായി 300 കോടി രൂപയുടെ നിര്‍ദ്ദേശം കിഫ്ബി ധനസഹായം ലഭ്യമാക്കി നടപ്പാക്കുന്നതിന് തത്വത്തിലുള്ള അനുമതി നല്‍കി.

3. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 12 എല്‍.എ കിഫ്ബി യൂണിറ്റുകളിലേക്ക് 62 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. ജീവനക്കാരുടെ ശമ്പളവും മറ്റു ചിലവുകളും കിഫ്ബി വഹിക്കണമെന്ന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കോ പദ്ധതി പൂര്‍ത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് അനുമതി.

4. എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ 33 പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുവാദം നല്‍കി. കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങള്‍ക്കു പകരമാണ് പുതിയ വാഹനങ്ങള്‍.

5. ഇടുക്കി ജില്ലാ ഗവ. പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറായി ഏലപ്പാറ സ്വദേശി എസ്.എസ് സനീഷിനെ നിയമിക്കും.

Top