അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല; ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

 

ഡല്‍ഹി: അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആയിരം രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരില്ല. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

‘അഞ്ഞൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകള്‍ പുനരവതരിപ്പിക്കാനോ റിസര്‍വ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്’, ശക്തികാന്ത ദാസ് പറഞ്ഞു. അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.

തിരിച്ചെത്തിയ നോട്ടുകളില്‍ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് ബാങ്കുകളില്‍ എത്തിയത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മെയ് 19-നാണ് രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകള്‍ ആര്‍.ബി.ഐ. പിന്‍വലിച്ചത്. സെപ്റ്റംബര്‍ മുപ്പതുവരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്നും അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആര്‍.ബി.ഐ. അറിയിച്ചിരുന്നു.

Top